തിരുവനന്തപുരം: മരം മുറിഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കാസർകോഡ് അംഗഡിമുഗർ ഗവ. എച്ച്.എസ്.എസിലെ പ്രിൻസിപ്പൽ വി.ഇ മഞ്ജുവിനെയും പ്രഥമാധ്യാപിക ബി. ഷീബയെയും സ്ഥലം മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുന്നതിൽ ഇരുവരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ സർക്കുലർ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസിന് നിർദേശം നൽകിയിരുന്നു.
ജൂലൈ മൂന്നിനായിരുന്നു അപകടം. അംഗഡിമുഗറിലെ ബി.എം യൂസഫ്-ഫാത്തിമ സൈന ദമ്പതികളുടെ മകൾ ആയിശത്ത് മിൻഹയാണ് (11) മരിച്ചത്. കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ സമീപത്തുള്ള ഉപ്പിലി മരം കടപുഴകി ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.