റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന്, പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളേക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഈ സമയത്തിനിടയിൽ 6,090 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,43,211 ഉം രോഗമുക്തരുടെ എണ്ണം 5,90,140ഉം ആയി. 8,916 ആയി ആകെ മരണസംഖ്യ. ചികിത്സയിലുള്ള 44,155 രോഗികളിൽ 591 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.8 ശതമാനവും മരണനിരക്ക് 1.4 ശതമാനവുമായി.
24 മണിക്കൂറിനിടെ 2,04,057 പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് – 1,327, ജിദ്ദ – 491, മക്ക – 304, ദമ്മാം – 159, മദീന – 147, ജിസാൻ – 115, ഹുഫൂഫ് – 95 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,841,337 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,312,053 ആദ്യ ഡോസും 23,533,435 രണ്ടാം ഡോസും 5,995,849 ബൂസ്റ്റർ ഡോസുമാണ്.