തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുന്നു. സാക്ഷരതാ യജ്ഞം മാതൃകയിൽ തദ്ദേശവകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം നടത്തും.
കേരളത്തിലെ മുഴുവൻപേരെയും വിവരസാങ്കേതിക വിദ്യയിൽ പ്രാഥമിക അറിവുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ–-ഗവേണൻസ് സംസ്ഥാനം എന്ന പദവി കേരളം കൈവരിച്ചിട്ടുണ്ട്. സർക്കാർ സേവനങ്ങൾ മറ്റൊരാളുടെ സഹായമില്ലാതെ നേടിയെടുക്കാൻ സാധാരണക്കാരെ പ്രാപ്‌തരാക്കും. വളന്റിയർമാരുടെ സഹായത്തോടെ വാർഡ് അടിസ്ഥാനത്തിലാകും ഡിജിറ്റൽ സാക്ഷരത നൽകുക. ഫോൺ ഉപയോഗം, വീഡിയോ–- ഓഡിയോ കോൾ, ആപ് ഇൻസ്റ്റാളിങ്, മൾട്ടിമീഡിയ മെസേജ്, ഇ–-മെയിൽ കൈകാര്യം ചെയ്യൽ, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ പഠിപ്പിക്കും. ഒരാൾക്ക് കുറഞ്ഞത് അഞ്ചു മണിക്കൂറാണ് പഠനസമയം.
വ്യാജവാർത്തകൾ തിരിച്ചറിയുന്നതിന് സർക്കാരിന്റെ ‘സത്യമേവജയതേ’ പദ്ധതി യിലൂടെ പരിശീലനം നൽകും. സമൂഹമാധ്യമങ്ങളിലെ അബദ്ധങ്ങളിൽപ്പെടാതിരിക്കാൻ ഇത് സഹായമാകും. ആവശ്യക്കാർക്ക് സാങ്കേതിക സർവകലാശാല മുഖേന പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. നികുതിയടയ്‌ക്കൽ, വൈദ്യുതിബിൽ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, ട്രെയിൻ, ബസ്, വിമാന ടിക്കറ്റ് തുടങ്ങി എല്ലാ സേവനങ്ങളും ഡിജിറ്റലായി നേടിയെടുക്കാൻ ജനങ്ങളെ പ്രാപ്‌തരാക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ), ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) എന്നിവയ്‌ക്കാണ് പദ്ധതിയുടെ നിർവഹണച്ചുമതല. ആഗസ്‌തിലാണ് സർവേയും പരിശീലനവും.