ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസായിട്ടാണ് എത്തുന്നത്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എക്ത കപൂറാണ് നിർമിക്കുന്നത്. 2024 ൽ ആകും ചിത്രം പ്രദർശനത്തിനെത്തുക.
മോഹൻലാലിന്റെ വൃഷഭയിൽ ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകൾ ഷനയ കപൂറും പ്രധാനവേഷത്തിൽ എത്തുന്നതായി റിപ്പോർട്ട്. ബോളിവുഡ് നിർമാതാവും സംവിധായകനുമായ കരൺ ജോഹറാണ് ഇതുസംബന്ധമായ സൂചന നൽകിയിരിക്കുന്നത്. താരപുത്രി നന്ദിയും അറിയിച്ചിട്ടുണ്ട്.
‘ചില യാത്രകൾ കുത്തകാവകാശമായി ആളുകൾ കാണുന്നു. ചിലതിന് പാരമ്പര്യത്തിന്റെ ആനുകൂല്യമായി മുദ്രകുത്തപ്പെടുന്നു. അതെല്ലാം ശരിയാണ്, എന്നാൽ ഷനയിൽ മനോഹരമായ സ്വപ്നങ്ങളുളള കലാകാരിയെ മാത്രമേ ഞാൻ കാണുന്നുള്ളൂ. എല്ലാ അഭിനിവേശവും കഠിനാധ്വാനവുമായാണ് നീ കാമറക്ക് മുന്നിൽ എത്തുന്നത്. ഇത് നിനക്ക് ലഭിക്കാവുന്ന മികച്ച അവസരമാണ്. ലക്ഷ്യത്തെ മാത്രം ശ്രദ്ധിച്ച് നീങ്ങുക. വഴിയിലെ തടസങ്ങൾകൊണ്ട് ഒരിക്കലും ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കരുത്! സന്തോഷത്തോടെ മുന്നോട്ട് പോകും’ കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് വൃഷഭ ഒരുങ്ങുന്നത്. അച്ഛനും മകനുമിടയിലെ ബന്ധം സിനിമയുടെ പശ്ചാത്തലമാകുമെന്നാണ് വിവരം. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ മകനായിട്ടാണ് നടൻ റോഷൻ മേക്ക എത്തുന്നത്. സിമ്രാനാണ് മോഹൻലാലിന്റെ നായികയായി എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. ഏക്ത കപൂറിനോടൊപ്പം ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്