അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജൂലൈ 15ന് അബുദാബിയിലെ ബദാ ദഫാസില്‍ (അല്‍ ദഫ്ര മേഖല) ആണ് ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 50.1 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച ഉച്ചയ്ക്ക 2.30ന് ഇവിടെ രേഖപ്പെടുത്തിയത്. അടുത്തിടെയായി താപനില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു. താപനില ഉയരുന്ന സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ധരിച്ച് സൂര്യപ്രകാശത്തില്‍ നിന്നും പരിരക്ഷ നേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.