കേദാര്‍നാഥ്: കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗവും ഫോട്ടോഗ്രാഫിക്കും നിരോധനം. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ചിത്രമെടുക്കുന്നതിനും വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുമടക്കം വിലക്ക് ബാധകമാണ്. ക്ഷേത്ര സന്നിധിയിലെ വിവാഹാഭ്യര്‍ത്ഥന വീഡിയോ വൈറലായതിന് പിന്നാലെയാണ് തീരുമാനം. ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കരുതെന്നും ഏതെങ്കിലും രീതിയിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളും ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രം സിസിടിവി നിരീക്ഷണത്തിലാണെന്നും ബോര്‍ഡുകള്‍ വിശദമാക്കുന്നു. ക്ഷേത്ര സന്നിധിക്ക് ഉചിതിമായ രീതിയിലുള്ള വസ്ത്ര ധാരണം വേണമെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പ് വിശദമാക്കുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കേദാര്‍നാഥ് ക്ഷേത്ര ഭാരവാഹികള്‍ ക്ഷേത്രത്തിലെ വീഡിയോ, ഫോട്ടോഗ്രാഫി ചിത്രീകരണത്തേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ റീല്‍സും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്ഷേത്ര പരിസരത്തെ അന്തരീക്ഷത്തെ ഇത്തരം ശ്രമങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേത്രത്തിന്റെ വിശുദ്ധിക്ക് നിരക്കാത്തതുമാണ് ഇത്തരം ശ്രമങ്ങളെന്നാണ് ബികെറ്റിസി അധികൃതര്‍ പൊലീസിന് നല്കിയ പരാതിയില്‍ വിശദമാക്കുന്നത്.
വീഡിയോ ബ്ലോഗറുടെ വിവാഹാഭ്യര്‍ത്ഥന വീഡിയോ നിരവധിപ്പേര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്ര അധികാരികള്‍ പൊലീസിനെ സമീപിച്ചത്. വ്ലോഗര്‍മാരും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരും ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടമാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കുന്നത്. കേദാര്‍നാഥിലെത്തുന്ന വിശ്വാസി സമൂഹത്തെ വീഡിയോ ചിത്രീകരണം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ഭാരവാഹികള്‍ വിശദമാക്കുന്നത്.