തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പടെ ഇറാന്റെ തെരുവുകളിൽ വീണ്ടും തിരികെയെത്തി സദാചാര പൊലീസ്. നിർബന്ധിത ഹിജാബ് നിയമങ്ങൾ അടക്കമുള്ളവ നടപ്പിലാക്കുക എന്നത് തന്നെയാണ് സദാചാര പൊലീസിന്റെ ലക്ഷ്യം. സദാചാര പൊലീസിന്റെ പീഡനങ്ങളെ തുടർന്ന് 22 -കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധത്തിന് രാജ്യം സാക്ഷ്യം വഹിച്ച് 10 മാസങ്ങൾക്ക് ശേഷമാണ് വീണ്ടും സദാചാര പൊലീസ് തെരുവുകളിൽ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സദാചാര പൊലീസ് ഇറാനിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുകയും ഹിജാബ് അടക്കം സ്ത്രീകളുടെ വസ്ത്രങ്ങളിൽ കർശനമായ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡ്രസ് കോഡ് പാലിക്കാത്ത ആളുകളെ കണ്ടെത്താൻ സദാചാര പൊലീസ്, വാഹനങ്ങളിലും അല്ലാതെയും പട്രോളിംഗ് നടത്തുമെന്ന് ഇറാനിയൻ ലോ എൻഫോഴ്‌സ്‌മെന്റ് ഫോഴ്‌സിന്റെ വക്താവ് സഈദ് മൊണ്ടസെർ അൽ മഹ്ദി പറഞ്ഞു.
സദാചാര പൊലീസ് ആദ്യം ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും നിയമവ്യവസ്ഥയെ കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്യും. പിന്നാലെ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എല്ലാവരും നിയമങ്ങൾ പാലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എങ്കിൽ പൊലീസിന് അതിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാതെ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താം എന്നും മൊണ്ടസെർ അൽ മഹ്ദി പറഞ്ഞു. ഇറാനിലെ സദാചാര പൊലീസ് സ്ത്രീകളുടെയും ചില സമയങ്ങളിൽ പുരുഷന്മാരുടെയും വസ്ത്രധാരണങ്ങളിൽ കർശനമായ പരിശോധന നടത്താറുണ്ട്. 22 -കാരിയായ മഹ്സ അമിനിയെ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കസ്റ്റഡിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ അവൾ മരണപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. പല പ്രക്ഷോഭകാരികളെയും ഇറാൻ വധശിക്ഷയ്ക്ക് വിധിക്കുന്ന സാഹചര്യവും ഉണ്ടായി.