മസാചുസെറ്റ്‌സ്: പ്രായം കുറക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. പ്രായം കുറക്കാനുള്ള മരുന്ന് തയ്യാറാക്കുന്നതിനാവശ്യമായ ആറുമരുന്നുകളുടെ മിശ്രിതമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ജൂലൈ12ന് പുറത്തിറങ്ങിയ ഏജിങ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എലിയിലും കുരങ്ങിലും മരുന്ന് പരീക്ഷണം വജയിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ മനുഷ്യരിലും പരീക്ഷിക്കും.
മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് സിന്‍ക്ലയര്‍ ട്വീറ്റ് ചെയ്തു. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഓരോ മരുന്നിലുമടങ്ങിയിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടെ വാര്‍ധക്യമാകുന്ന പ്രക്രിയ കുറച്ചുകൊണ്ടുവരാമെന്നാണ് നിഗമനം. ചര്‍മ്മകോശങ്ങളിലെ വാര്‍ധക്യ പ്രക്രിയയെ തടയാന്‍ കഴിവുള്ള ആറ് രാസ സംയോജനങ്ങള്‍ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തല്‍ മനുഷ്യ വംശത്തിന്റെ ചുവടുവെപ്പാണെന്നും ഡോ. സിന്‍ക്ലയര്‍ പറഞ്ഞു.