ദില്ലി: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാന്‍ 3ന്റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ഇപ്പോള്‍ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയിലാണ്. പേടകത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ നാളെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാകും നടക്കുക.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുറത്തുകടക്കാന്‍ സഹായിക്കുന്നതിനാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ. പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് അധിക ശക്തി നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്. ആദ്യ ഭ്രമണപഥമുയര്‍ത്തല്‍ മുന്‍നിശ്ചയിച്ച പ്രകാരം ജൂലൈ 15ന് പൂര്‍ത്തിയായിരുന്നു. ജൂലൈ 14നായിരുന്നു ചാന്ദ്രയാന്‍3ന്റെ വിക്ഷേപണം. വിക്ഷേപണവാഹനമായ എല്‍വിഎം3 റോക്കറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് പേടകത്തെ എത്തിച്ചിരുന്നത്. ഭൂമിയോട് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയാണ് ഇത്.