തിരുവനന്തപുരം: നിരന്തര അപകടങ്ങളിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മുതലപ്പൊഴിയില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദര്‍ശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ ഈ വിഷയം പഠിക്കുന്നതും നല്ല കാര്യമാണെന്നും വി. മുരളീധരന്‍ പറഞ്ഞു. ഹാര്‍ബറിന്റെ നവീകരണമടക്കമുള്ള വിഷയങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ മരിക്കാനിടയായ സാഹചര്യം വി.മുരളീധരന്‍ കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധ സംഘമെത്തുന്നത്.