കോഴിക്കോട്: കോഴിക്കോട് മാവൂരിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിലായി. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്നും ഒരാളുടെ പ്രായം 18 വയസാണെന്നും പോലീസ് വ്യക്തമാക്കി. മാവൂര്‍ കണ്ണി പറമ്പ് തീര്‍ത്ഥകുന്ന് രഞ്ജീഷ് (18) ഉം പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് കേസിലെ പ്രതികളെന്ന് മാവൂര്‍ ഇന്‍സ്പെക്ടര്‍ പി രാജേഷാണ് അറിയിച്ചത്. മാവൂര്‍ ബസ്സ്റ്റാന്റിനു സമീപമുള്ള ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളെ കുറിച്ച് മാവൂര്‍ ഇന്‍സ്പെക്ടര്‍ പി രാജേഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ അനുരാജ് വി യുടെ നേതൃത്വത്തില്‍ മാവൂര്‍ പോലീസും ജില്ല സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള തിയ്യതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂര്‍ ബസ്സ്റ്റാന്റിന് സമീപമുള്ള പാഴൂര്‍ ജ്വല്ലറി ഉടമസ്ഥര്‍ പതിവുപോലെ ശനിയാഴ്ച കട പൂട്ടി പോവുകയും തിങ്കളാഴ്ച വന്ന് കട തുറന്ന് നോക്കിയപ്പോള്‍ പിന്‍വശത്തെ ചുമര് തുരന്ന് മോഷണം നടത്തിയതായും ശ്രദ്ധയില്‍പ്പെട്ടത്. നിരവധി വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.