റഷ്യ: അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിളിന്റെ ഐഫോണ്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഐഫോണും ഐപാഡും മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. തങ്ങളുടെ നീക്കങ്ങള്‍ യു.എസ് രഹസ്യാനേഷ്വണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത് തടയാനാണ് റഷ്യയുടെ നടപടിയെന്നാണ് സൂചന. തിങ്കളാഴ്ച മുതല്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഐഫോണുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട ഒരു ഫയലും ഐഫോണില്‍ തുറക്കാന്‍ പാടില്ല. എന്നാല്‍, സ്വകാര്യ ഉപയോഗത്തിന് വിലക്കില്ല. റഷ്യന്‍ ഡിജിറ്റല്‍ വികസന മന്ത്രാലയവും യുക്രെയ്‌നില്‍ റഷ്യക്ക് വേണ്ടി ആയുധം വിതരണം ചെയ്യുന്നതിന് പാശ്ചാത്യ ഉപരോധത്തിന് വിധേയമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റോസ്റ്റെക്കും ഇതിനകം തന്നെ ഐഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് മന്ത്രാലയങ്ങളും വരും ദിവസങ്ങളില്‍ ഐഫോണിന് നിരോധനം ഏര്‍പ്പെടുത്തിയേക്കും.