ദില്ലി: ഡല്‍ഹിയില്‍ നാളെ നടക്കുന്ന വിശാല എന്‍ഡിഎ യോഗത്തില്‍ 38 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ബിജെപി. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബെംഗളൂരുവില്‍ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഡിഎ യോഗം. 38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നല്‍കാനാണ് ബിജെപിയുടെ ശ്രമം. അതിനിടെ, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാന്‍ എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പറഞ്ഞു. എന്‍ഡിഎ യോഗത്തില്‍ 30 കക്ഷികള്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവിലെ സഖ്യകക്ഷികള്‍ക്ക് പുറമെ പുതിയ ഏതാനും കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ 4 വര്‍ഷത്തെ എന്‍ഡിഎയുടെ വളര്‍ച്ച നിര്‍ണായകമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അവകാശപ്പെട്ടു.