തിരുവനന്തപുരം > കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ലാളിത്യവും ജനകീയതയും ഉമ്മൻചാണ്ടിയുടെ മുഖമുദ്രയായിരുന്നു. എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന, എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായാണ് ഉമ്മൻചാണ്ടി അറിയപ്പെട്ടിരുന്നത്. എം ബി രാജേഷ് പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിൽ ഉമ്മൻചാണ്ടിയുടെ വിയോഗം തീർത്താൽ തീരാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കുടുംബാംഗങ്ങളുടെയും കേരള ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം ബി രാജേഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം ബി രാജേഷിന്റെ അനുശോചന സന്ദേശം
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ, മന്ത്രി, എം എൽ എ തുടങ്ങിയ വിവിധ നിലകളിലെല്ലാം അര നൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഒരു നേതാവാണ് ഇപ്പോൾ ഓർമ്മയായിരിക്കുന്നത്. അര നൂറ്റാണ്ട് കാലം കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് രാഷ്ട്രീയത്തെ അരങ്ങിലും അണിയറയിലും നിന്ന് നിയന്ത്രിച്ചത് ഉമ്മൻചാണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളും കൗശലങ്ങളും സംഘാടന മികവും നേതൃത്വ ശേഷിയും എല്ലാമാണ് യുഡിഎഫ് രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ചു കൊണ്ടിരുന്നത്.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ജനകീയ മുഖം നൽകാനും വിദ്യാർത്ഥി, യുവജന രംഗങ്ങളിൽ നിന്ന് നിരവധിപേരെ ഉയർത്തിക്കൊണ്ടുവരാനും മുൻനിന്ന് പ്രവർത്തിച്ച കോൺഗ്രസ് നേതാവാണ് അദ്ദേഹം. കെഎസ്‌യു കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായിരുന്ന കാലത്ത് അതിനെ നയിച്ചവരിൽ പ്രമുഖനായ ഉമ്മൻചാണ്ടി പിന്നീട് നിയമസഭയിൽ തുടർച്ചയായി അര നൂറ്റാണ്ടിലധികം അംഗമായിരിക്കുകയും നിയമസഭയുടെ നടപടികളിൽ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. പുതുപ്പള്ളി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തുടർച്ചയായി അര നൂറ്റാണ്ട് കാലം നിയമസഭാ അംഗമായിരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ലാളിത്യവും ജനകീയതയും ഉമ്മൻചാണ്ടിയുടെ മുഖമുദ്രയായിരുന്നു. എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന, എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായാണ് ഉമ്മൻചാണ്ടി അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ പ്രതിയോഗികളുടെയടക്കം അഭിപ്രായങ്ങൾ കേൾക്കാനും ഗൗരവത്തിലെടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും എല്ലാവരുമായും നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഞാൻ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തെ പരിചയപ്പെടാൻ അവസരം കിട്ടിയിട്ടുണ്ട്. വിദ്യാർത്ഥി, യുവജന നേതാക്കളോട് വാത്സല്യപൂർണ്ണമായ ഒരു സമീപനം അദ്ദേഹം എപ്പോഴും സ്വീകരിച്ചിരുന്നു. എംപി ആയിരിക്കുമ്പോൾ കൂടുതൽ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി ഉൾപ്പെടെ കേരളത്തിൻറെ പ്രധാന വിഷയങ്ങളിൽ ഡൽഹിയിൽ അദ്ദേഹവുമൊന്നിച്ച് ഇടപെടാൻ കഴിഞ്ഞത് ഈ സന്ദർഭത്തിൽ ഓർമ്മിക്കുകയാണ്. പിന്നീട് നിയമസഭാ സ്പീക്കർ ആയിരിക്കെ കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞു.കേരളത്തിന്റെ പൊതുസമൂഹത്തിൽ ഉമ്മൻചാണ്ടിയുടെ വിയോഗം തീർത്താൽ തീരാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും കേരള ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.