ന്യൂഡൽഹി : രാജ്യത്തെ കോവിഡ് പ്രതിരോധ വാക്സിനേഷനായി തയ്യാറാക്കിയ കോവിൻ പോർട്ടലിൽനിന്ന് വിവരങ്ങൾ ചോർന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ. കോവിൻ പോർട്ടലിൽനിന്ന് യാതൊരു വിവരങ്ങളും ചോർന്നിട്ടില്ലെന്നും ഡിജിറ്റൽ പ്ലാസ്റ്റ്ഫോമിൽ എല്ലാവരുടെയും വിവരങ്ങൾ സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വിവരങ്ങൾ ചോർന്നുവെന്ന് അവകാശപ്പെട്ട് പുറത്തുവന്ന വാർത്തകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഒരു സർക്കാർ സെർവറിൽ നിന്ന് സൈബർ കുറ്റവാളികൾ ചോർത്തിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. വ്യക്തികളുടെ പേരുകൾ, മൊബൈൽ നമ്പർ, വിലാസം, കോവിഡ് പരിശോധനാ ഫലം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർത്തിയതെന്നും ഇവ ചില ഓൺലൈൻ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നുമായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം ആളുകളുടെ വിലാസമോ കോവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച വിവരങ്ങളോ കോവിൻ പോർട്ടൽ ശേഖരിക്കുന്നില്ല. അതിനാൽ വിവരങ്ങൾ ചോർന്നുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ കോവിൻ പോർട്ടലുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പും പ്രതികരിച്ചു.