തിരുവനന്തപുരം : കോവിഡ് വ്യാപനം കുതിക്കുമ്പോൾ സർക്കാർ നിയന്ത്രണങ്ങൾ വകവയ്ക്കാതെ പാർട്ടി സമ്മേളനങ്ങളുമായി മുന്നോട്ടു പോയതു തടയാൻ ഹൈക്കോടതി തന്നെ ഇടപെട്ടതു സിപിഎമ്മിനു വൻ തിരിച്ചടിയായി. പ്രതിപക്ഷ വിമർശനവും പൊതു സമൂഹത്തിൽനിന്നുളള എതിർപ്പും ആരോഗ്യ മേഖല പങ്കുവെച്ച ഉത്കണ്ഠയും പാർട്ടിക്കു ബാധകമല്ലെന്നു വന്നപ്പോഴാണു കാസർകോട്ടെ സമ്മേളന വാതിൽ കോടതി പൂട്ടിയത്. സമ്മേളനങ്ങൾക്കായി കാസർകോട്ടും തൃശൂരും കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ബോധപൂർവം ഇളവു വരുത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഗുരുതര ആരോപണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാടേ തള്ളിയതിനു പിന്നാലെയാണു കോടതിയെ അനുസരിക്കാൻ സിപിഎം നിർബന്ധിതമായത്.
രാഷ്ട്രീയ–സാമുദായിക പരിപാടികൾക്കായി ഹാളുകളിൽ പരമാവധി 75 പേർ എന്ന സർക്കാർ നിർദേശം നിലനിൽക്കുമ്പോൾ അതു ലംഘിച്ചു തിരുവനന്തപുരത്ത് ജില്ലാ സമ്മേളനവും തിരുവാതിരക്കളിയും നടത്തിയതു വലിയ ആക്ഷേപത്തിനു കാരണമായിരുന്നു. മന്ത്രി വി.ശിവൻകുട്ടിയും കടകംപളളി സുരേന്ദ്രനും മറ്റു 2 എംഎൽഎമാരുമടക്കം പ്രതിനിധികൾ കോവിഡ് ബാധിതരായിട്ടും തൃശൂർ, കാസർകോട് സമ്മേളനങ്ങൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിൽനിന്നു പാർട്ടി പിന്നോട്ടു പോയില്ല. പൊതുസമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കിയെങ്കിലും 2 ജില്ലാ സമ്മേളനങ്ങളിലും ശരാശരി 200 പേർ വീതം പങ്കെടുക്കുന്നുണ്ട്. വൊളന്റിയർമാർ ഇതിനു പുറമേ. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഞായറാഴ്ച പ്രഖ്യാപിച്ചിട്ടും രണ്ടിടത്തും ഞായറാഴ്ചയും സമ്മേളനം തുടരുമെന്ന നിലയിലാണു കാര്യങ്ങൾ പുരോഗമിച്ചതും.
തിരുവനന്തപുരം സമ്മേളനത്തിനെതിരെ വിമർശനം വന്നപ്പോൾ രാഷ്ട്രീയ പരിപാടികൾക്കു 300 പേരെ പങ്കെടുപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിട്ടുണ്ടെന്നാണു കോടിയേരി ന്യായീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 5 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരുടെയും യോഗം കൈക്കൊണ്ട തീരുമാനമാണു കേരളത്തിൽ സമ്മേളനം നടത്താൻ സിപിഎം പരിചയാക്കിയത്. കഴിഞ്ഞ മാസം 15 ന് ചേർന്ന ഈ യോഗത്തിന്റെ തീരുമാനങ്ങൾ ഇന്നു വരെയാണു ബാധകം. അതിനു ശേഷം സ്ഥിതി വിലയിരുത്തി തുടർ തീരുമാനം എടുക്കാമെന്നാണു കമ്മിഷന്റെ അറിയിപ്പ്. റോഡ് ഷോ, പദയാത്ര, ബൈക്ക്, സൈക്കിൾ റാലികൾ ഇവയെല്ലാം ഈ യോഗത്തിന്റെ തീരുമാനപ്രകാരം വിലക്കി. ഇതിൽനിന്നു തന്നെ ഇതു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശമാണെന്നു വ്യക്തം.
സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ മാറ്റിവയ്ക്കുന്നതിലെ അപ്രായോഗികതയാണു സിപിഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഓരോ ഏരിയയിൽനിന്നും ജില്ലാ സമ്മേളന പ്രതിനിധികളെ മുൻകൂട്ടി നിശ്ചയിച്ചതിനാൽ അവരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കഴിയില്ല. മാർച്ച് ഒന്നിനു മാത്രമാണ് സംസ്ഥാന സമ്മേളനം എന്നതിനാൽ തൃശൂർ, കാസർകോട്, ആലപ്പുഴ സമ്മേളനങ്ങൾ നീട്ടി വച്ചാലോ എന്ന അഭിപ്രായം ഉയർന്നെങ്കിലും സംഘാടകർ യോജിച്ചില്ല.
ഭരിക്കുന്ന പാർട്ടിക്ക് എന്തുമാകാം എന്ന വിമർശനം വലിയ തോതിൽ ഇതോടെ സിപിഎമ്മിനു കേൾക്കേണ്ടി വന്നു. കോവിഡ് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ബിജെപിയും പരിപാടികൾ ഉപേക്ഷിച്ചപ്പോൾ, അകലം പാലിച്ചു ശാസ്ത്രീയമായാണു സമ്മേളനം നടത്തുന്നത് എന്നെല്ലാമുള്ള ന്യായീകരണങ്ങൾ നിഷ്ഫലമായി. നിലവിൽ ‘എ’ കാറ്റഗറി നിയന്ത്രണ പട്ടികയിലുള്ള ആലപ്പുഴയിൽ 28 നു നിശ്ചയിച്ചിട്ടുള്ള സമ്മേളനം സംബന്ധിച്ചു വീണ്ടുവിചാരത്തിനു പാർട്ടി തയാറാകുമോ എന്നതാണ് ഇനി ചോദ്യം. പരമാവധി 50 പേർ എന്നു നിയന്ത്രണമുള്ള ഇവിടെ 230 പ്രതിനിധികളാകും സമ്മേളനത്തിനെത്തുന്നത്.