ചമോലി: ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് ദാരുണാന്ത്യം. ഏഴു പേര്‍ക്ക് പരിക്കേറ്റു. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്താണ് അപകടം.അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
മരിച്ചവരിൽ നാലുപേർ പൊലീസുകാരാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്‍.പി പരമേന്ദ്ര ഡോവൽ പറഞ്ഞു. അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി. മുരുകേശൻ പറഞ്ഞു.
സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അനുശോചിച്ചു. ‘ഇത് ദുഃഖകരമായ സംഭവമാണ്. ജില്ല ഭരണകൂടവും പൊലീസും എസ്.ഡി.ആർ.എഫും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രധാനപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ഹെലികോപ്റ്റർ വഴി എയിംസ് ഋഷികേശിലേക്ക് മാറ്റുകയും ചെയ്തു. മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്’ -മുഖ്യമന്ത്രി പറഞ്ഞു.