ദില്ലി: 2023 ജൂൺ 30 എന്ന അവസാന തിയ്യതിക്കുള്ളിൽ ആധാറുമായി പാൻ ലിങ്ക് ചെയ്യാത്ത നിരവധി പേരുണ്ട്. സാമ്പത്തിക ഇടപാടുകളും മറ്റും വരുമ്പോഴാണ് പലർക്കും ലിങ്ക് ചെയ്യാത്തതിന്റെ ബുദ്ധിമുട്ടും പ്രശ്നങ്ങളും മനസിലാകുന്നത്. ആധാറുമായി ലിങ്ക് ചെയ്യാത്തതിനാൽ പാൻ കാർഡ് പ്രവർത്തനരഹിതായ ഉടമകളുടെ, പ്രത്യേകിച്ച് എൻആർഐകളുടെയും, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യാക്കാരായ വ്യക്തികളുടെയും ആശങ്കകൾക്ക് മറുപടി നൽകുകയാണ് ആദായനികുതി വകുപ്പ്. പാൻ കാർഡ് പ്രവർത്തനരഹിതമായി എന്നതിന് പാൻ നിഷ്ക്രിയമായി എന്ന് അർത്ഥമാക്കേണ്ടതില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം.
പ്രവർത്തനരഹിതമായ പാൻ കാർഡുകൾ കൈവശമുള്ള വ്യക്തികൾക്കും ജൂലൈ 31-നകം നികുതി ഫയൽ ചെയ്യാൻ അനുമതി നൽകുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. എന്നാൽ ആധാർ പാൻ ലിങ്കിങ് ചെയ്യാത്തവർക്ക് റീഫണ്ടുകൾ ലഭ്യമാവുകയില്ലെന്ന് മാത്രമല്ല, അത്തരക്കാരിൽ നിന്ന് ഉയർന്ന നിരക്കിൽ ടിസിഎസും, ടിഡിഎസും ഈടാക്കുകയും ചെയ്യും. പാൻ കാർഡ് ഉടമകൾ, പാൻ കാർഡ് സ്റ്റാറ്റസ് സജീവമാക്കാനും, നികുതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രവാസികൾ( എൻആർഐകൾ) ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യാക്കാരായ വ്യക്തികൾ(, ഒസിഐകൾ) എന്നിവരുടെ പാൻ പ്രവർത്തനരഹിതമാകുന്നത് സംബന്ധിച്ച് ആശങ്കകൾക്കും ആദായനികുതി വകുപ്പ് വിശദീകരണം നൽകിയിട്ടുണ്ട്.
പ്രവർത്തനരഹിതമായ പാൻ കാർഡുള്ള വിദേശ പൗരന്മാർ അവരുടെ റെസിഡൻഷ്യൽ സ്റ്റാറ്റസിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ അറിയിക്കേണ്ടതുണ്ട്.കൂടാതെ പാൻ ഡാറ്റാബേസിൽ അവരുടെ റസിഡൻഷ്യൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനുള്ള അഭ്യർത്ഥനയ്‌ക്കൊപ്പം അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് അസസ്മെന്റ് വർഷങ്ങളിൽ ഒരു വർഷമെങ്കിലും റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഇതിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിച്ചില്ലെങ്കിൽ, മാത്രമാണ് പാൻകാർഡ് പ്രവർത്തനരഹിതമാവുകയുള്ളുവെന്നും ആദായനികുതി വകുപ്പ് വിശദീകരിച്ചു. പ്രവർത്തഹരിതമായ പാൻ കാർഡ് കൈവശമുള്ള പ്രവാസികളും, ഒസിഐകളും അനുബന്ധ രേഖകളുമായി , പാൻ ഡേറ്റ ബേസിലെ റെസിഡൻഷ്യൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണമെന്ന അപേക്ഷയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനെ കാണണമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള പ്രാരംഭ സമയപരിധി കഴിഞ്ഞെങ്കിലും, പിഴ അടച്ച് ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇപ്പോഴും ഉണ്ട്. ഇനിയും ആധാർ പാൻ ലിങ്കിങ് നടപടിക്രമങ്ങൾ പാലിക്കാത്തവര്ക്ക് സാമ്പത്തിക ഇടപാടുകൾ സുഗമമായി നടത്താൻ കഴിയാതെ വരികയും കൂടുതൽ ബുദ്ധിമുട്ടുകളും പിഴകളോ നേരിടേണ്ടിവരുമെന്നും ആദായനികുതിവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.