മുള്ളന്‍കൊല്ലി: വയനാട്ടില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ സ്‌കൂട്ടറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയിലാണ് സംഭവം. സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ച അരക്കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂട്ടറില്‍ വന്ന രണ്ട് യുവാക്കളെ പിടികൂടി.
കേരള – കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി വരികയായിരുന്നു സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍. സംഭവത്തില്‍ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 72 സി. 8671 നമ്പര്‍ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താന്‍ യുവാക്കള്‍ തയ്യാറാകാതെ വന്നതോടെ നാട്ടുകാര്‍ സ്കൂട്ടര്‍ പിന്തുടരുകയായിരുന്നു. ഇതിനകം തന്നെ വിവരം പൊലീസിലും അറിയിച്ചിരുന്നു.
തുടര്‍ന്ന് മുള്ളന്‍കൊല്ലിയില്‍വെച്ച് പൊലീസും നാട്ടുകാരും ചേര്‍ന്ന് സ്‌കൂട്ടര്‍ പിടികൂടി. വിശദമായ പരിശോധനയിലാണ് 495 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പുല്‍പ്പള്ളി അഡി. എസ്.ഐ പി.ജി. സാജന്‍, എ.എസ്.ഐ പ്രദീപ്, സി.പി.ഒ.മാരായ പ്രജീഷ്, സുരേഷ് ബാബു, അസീസ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.