മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ബുധനാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കരിപ്പൂരിലിറങ്ങിയ നാല് യാത്രക്കാരിൽ നിന്നാണ് 4,580 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്.
ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസിലെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി പുത്തൻവളപ്പിൽ റിഷാദിൽനിന്ന് (32) 1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകളും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഷാമിലിൽനിന്ന് (21) 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം തവനൂർ സ്വദേശി ചോമയിൽ മുഹമ്മദ് ഷാഫിയിൽനിന്ന് (41) 1537 ഗ്രാം സ്വർണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ദുബൈയിൽനിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശി വെള്ളത്തൂർ ഷിഹാബുദ്ദീൻ (38) 1159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമായാണ് പിടിയിലായത്. തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി കസ്റ്റംസ് അറിയിച്ചു. ചൊവ്വാഴ്ച മറ്റൊരു യാത്രക്കാരനിൽനിന്ന് ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടിയിരുന്നു.