ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്‌ക്ക് സമാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സേവനവുമായി ആപ്പിളും രംഗത്തുവരുന്നതായി റിപ്പോർട്ട്. ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ.എൽ.എം) വികസിപ്പിക്കുന്നതിനായി ഐഫോൺ നിർമ്മാതാക്കൾ “അജാക്സ് (Ajax)” എന്നറിയപ്പെടുന്ന സ്വന്തം ഫ്രെയിംവർക് നിർമ്മിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ചില എഞ്ചിനീയർമാർ “ആപ്പിൾ ജിപിടി” എന്ന് വിളിക്കുന്ന ഒരു ചാറ്റ്ബോട്ടും കൂപ്പർട്ടിനോ ഭീമൻ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, ആപ്പിൾജിപിടി-യെ കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ആപ്പിളിന്റെ ഓഹരികൾ 2 ശതമാനം വരെ ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ പോലുള്ള കമ്പനികൾ ‘നിർമിത ബുദ്ധി മേഖല’യിൽ കാര്യമായി പ്രവർത്തിക്കുന്ന സമയത്ത് ആപ്പിൾ മാത്രം അതിനെ കുറിച്ചുള്ള ഒരു സൂചനയും നൽകിയിരുന്നില്ല. എ.ഐയുമായി ബന്ധപ്പെട്ട തങ്ങളുടെ നീക്കങ്ങളെ കുറിച്ചും പരസ്യപ്പെടുത്തിയിരുന്നില്ല. ജൂണിൽ നടന്ന ഡെവലപ്പർ കോൺഫറൻസിലും അതിനെ കുറിച്ച് മിണ്ടിയില്ല.
എന്നാൽ, ആപ്പിൾ ഫോട്ടോസ്, ഓൺ ഡിവൈസ് ടെക്സ്റ്റിങ്, മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് എന്നിവയിൽ എ.ഐ ഫീച്ചറുകൾ ആപ്പിൾ അവതരിപ്പിച്ചിരുന്നു. എങ്കിലും എ.ഐ റേസിൽ അവർ ഗൂഗിളിനും മൈക്രോസോഫ്റ്റിനും ഏറെ പിറകിലായിരുന്നു. എന്നാൽ, ആപ്പിൾ ജിപിടിയുടെ വരവോടെ മറ്റ് ടെക് ഭീമൻമാരെ പിന്നിലാക്കാൻ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.