പാലക്കാട്: ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ബിസിനസ് സംരംഭത്തിന് ഇല്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാരവെക്കാനുള്ള ശ്രമം മന്ത്രി പി. രാജീവ് ഇടപെട്ട് തടഞ്ഞു. തൃശൂർ തൃപ്രയാർ വലപ്പാട് സ്വദേശിനിയായ കെ.എ. അൻസിയയുടെ ‘ഉമ്മീസ് നാച്ചുറൽസ്’ എന്ന സംരംഭത്തിനാണ് മന്ത്രിയുടെ ഇടപെടൽ തുണയായത്. യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാതെ തികച്ചും ദരിദ്ര പശ്ചാത്തലത്തിൽനിന്ന് ഉയർന്നുവന്ന സംരംഭകയാണ് 22 കാരിയായ അൻസിയ. നിലവിൽ 35 ഓളം പേർ ഇവർക്ക് കീഴിൽ ജീവനക്കാരായുണ്ട്. ഇതിൽ 30 പേരും സ്ത്രീകളാണ്.
സ്ഥാപനത്തിന്റെ പാലക്കാട്ടെ ഔട്ട്‌ലെറ്റില്‍ ജനുവരിയിൽ റെയ്ഡ് നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. നടത്തിപ്പിനാവശ്യമായ അനുമതിയില്ലെന്നാരോപിച്ചായിരുന്നു 10 മണിക്കൂർ നീണ്ട പരിശോധന. എല്ലാ ലൈസൻസുകളും സഹിതം പ്രവൃത്തിക്കുന്ന ഇവർ രേഖകളെല്ലാം കാണിച്ചെങ്കിലും അവ വായിച്ച് നോക്കാൻ പോലും ഉദ്യോഗസ്ഥർ തയാറായില്ലെന്ന് അൻസിയ ‘ ഓൺലൈനി’നോട് പറഞ്ഞു. രാവിലെ തുടങ്ങിയ റെയ്ഡ് പ്രഹസനം രാത്രി വരെ നീണ്ടു. സ്ഥാപനം തുടർന്ന് പ്രവർത്തിക്കണമെങ്കിൽ എറണാകുളത്തെ ഓഫിസിൽ എത്തണമെന്ന് നിർദേശിച്ചാണ് അവർ മടങ്ങിയത്.
താൻ പടുത്തുയർത്ത ബിസിനസ് ഒറ്റയടിക്ക് തകർന്നു വീഴുമെന്ന ആശങ്ക അൻസിയയെ ഭീതിയിലാക്കി. അതിനേക്കാളേറെ, തന്നെ വിശ്വസിച്ച പതിനായിരക്കണക്കിന് ഉപയോക്താക്കളെ വഞ്ചിച്ചുവെന്ന ദുരാരോപണം ഉയരുമെന്ന ചിന്തയും ഈ യുവതിയെ അലട്ടി. പാലക്കാട് കല്ലേക്കാടാണ് അൻസിയയുടെ ഷോറൂം. നിർമാണം മലപ്പുറത്തും. ക്രീം, ഫേസ്‌പാക്ക്, കുങ്കുമം ഓയിൽ, അലോവേര ഷാംപു, കസ്‌തൂരി മഞ്ഞൾ പൊടി തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ ഇവിടെ തയാറാക്കുന്നു. കല്ലേക്കാട് അപ്പത്തൻകാട്ടിൽ വീട്ടിലാണ് താമസം. പിന്തുണയുമായി ഭർത്താവ് റംഷീദുമുണ്ട്. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിജയം പെട്ടെന്ന് ഒരുദിവസം അടച്ചിടേണ്ടി വന്നപ്പോൾ ഈ സംരംഭക തോറ്റുകൊടുക്കാൻ തയാറായിരുന്നില്ല.
നോക്കി നിൽക്കാൻ സമയമില്ലെന്ന തിരിച്ചറിവിൽ പരിശോധന നടന്ന അന്ന് രാത്രി തന്നെ അക്കൗണ്ടന്‍റ് അടക്കമുള്ള ഏതാനും ജീവനക്കാരും ഭർത്താവ് റംഷീദും അടക്കം ആറുപേർ നേരെ തിരുവനന്തപുരത്തെ ആയുർവേദ ഡ്രഗ്സ് കൺട്രോൾ ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ഇവരുടെ ആവശ്യം കേൾക്കാൻ പോലും ഉദ്യോസ്ഥർ തയാറല്ലായിരുന്നു. 9 ദിവസം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാണ് ഓഫിസുകൾ കയറിയിറങ്ങിയത്. എന്നിട്ടും കാര്യമുണ്ടായില്ല.
ഇതിനിടെ, വ്യവസായ മന്ത്രി പി. രാജീവിനെ നേരിട്ട് കാണാൻ തീരുമാനിച്ചു. ഇമെയിൽ അയച്ചു. മന്ത്രിയുടെ പി.എയെ വിളിച്ചു. കാര്യങ്ങൾ വിശദമായി പറഞ്ഞു. അടുത്ത ദിവസം തന്നെ ഓഫിസിൽ എത്താൻ മന്ത്രി ആവശ്യപ്പെട്ടു. ഇവർ എത്തുമ്പോഴേക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം മന്ത്രി വിളിച്ചു വരുത്തിയിരുന്നു. ഉച്ചക്ക് 12.30നകം എല്ലാ പ്രശ്നങ്ങളും മന്ത്രി ഇടപെട്ട് പരിഹരിച്ചു. സ്ഥാപനം സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഉദ്യോസ്ഥരോട് നിർദേശിച്ചാണ് മന്ത്രി ഓഫിസിൽ നിന്ന് ഇറങ്ങിയത്.
“ഒരല്പം പോലും പ്രതീക്ഷയില്ലാതെയാണ് ഒരു സംരംഭക എന്ന നിലയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ഇ-മെയിൽ ആയി ബഹു. മന്ത്രി പി . രാജീവിന് (വ്യവസായ വകുപ്പ് ) അയച്ചത്. ആ നിമിഷമാണ് എന്റെ പ്രശ്ന പരിഹാരത്തിനുള്ള വഴിത്തിരിവ്. കുന്നോളം കെട്ടി കിടക്കുന്ന ഇ-മെയിലുകൾക്കിടയിൽ മൂടിപ്പോകുമായിരിക്കാം എന്നു കരുതിയതായിരുന്നു. പക്ഷെ 2മണിക്കൂറുകൾക്ക് ശേഷം കാര്യകാരണങ്ങൾ അനേഷിച്ചുകൊണ്ട് മന്ത്രിയുടെ ഓഫീസിൽ നിന്നും വന്ന റിപ്ലൈ മെയിൽ അതെന്നെ അത്ഭുതപ്പെടുത്തി ! മാത്രവുമല്ല എന്നേക്കാൾ ഉത്തരവാദിത്യത്തോടെ ഈ പ്രശ്‌നപരിഹാരത്തിന് കൂടെ നിൽക്കാൻ തയ്യാറായ ഗവണ്മെന്റ് ഉദ്ദേഗസ്ഥരെ കാണാനും അതിനുശേഷം സാധിച്ചു .പഞ്ചായത്ത് , വ്യവസായ വകുപ്പ് , മുൻസിപ്പാലിറ്റി , ഡി ഐ സി ,മന്ത്രിയുടെ പി എ ഇവടെന്നെല്ലാം തുരുതുരാ കോൾസ് വരാൻ തുടങ്ങി. ഞാൻ നേരിട്ട പ്രശ്നങ്ങൾ തീരുന്നത് വരെയും അത് തുടർന്നു എന്നതും എടുത്ത് പറയുന്നു .കഴിഞ്ഞ 9ദിവസവും എനിക്ക് കൊട്ടിയടക്കപെട്ട പലവാതിലുകളും പിന്നീട് തുറക്കുന്നതായി എനിക്ക് മനസിലായി . പിന്നെ ഒട്ടും പരിഭ്രമിക്കാതെ മിനിസ്റ്ററുടെ പി എയെ വിളിക്കുകയും , അദ്ദേഹത്തെ കാണാൻ ഒരു അവസരം നല്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു . രാവിലെ 9.15 ന് എത്താൻ ആവശ്യപ്പെട്ടു . ഒട്ടും കാത്തു നില്പിക്കാതെ ആദ്യം എന്നെ തന്നെ അദ്ദേഹം വിളിപ്പിച്ചു . കയറിച്ചെന്ന ഞാൻ കാണുന്നത് എന്റെ പ്രശ്‌നപരിഹാരത്തിന് തീരുമാനങ്ങൾ എടുക്കാൻ കെല്പുള്ള എല്ലാ ഉദ്യോഗസ്‌ഥരും എനിക്ക് മുമ്പേ അവിടെ എത്തിയതാണ്. എനിക്ക് പറയാനുള്ളത് എല്ലാവരുടെയും മുന്നിൽ വച്ച് പറയാൻ അനുവദിച്ച്, എന്റെ മുന്നിൽ വച്ച് തന്നെ പ്രശ്ന പരിഹാരങ്ങൾ അനേഷിച്ചറിഞ്ഞ് മന്ത്രി പറഞ്ഞ വാക്കുകൾ ഏത് സാധാരണക്കാരനിലും നാടിനോടുള്ള വിശ്വാസവും പ്രതീക്ഷയും നൽകുന്ന ഒന്നായിരുന്നു : “12.30 ക്കുള്ളിൽ ഞാൻ മറ്റൊരു പരിപാടിക്കായി ഇറങ്ങും ,അതിനുമുൻപായ് ഈ കുട്ടിയുടെ എല്ലാ പേപ്പേഴ്സും പാസ്സ് ആക്കി എത്തിച്ചേക്കു ” ഇതായിരുന്നു ആ വാക്കുകൾ !! എന്നെപ്പോലെ സ്വപ്നങ്ങൾ കാണുന്ന, പാതിവഴിക്ക് പലതും ഉപേക്ഷിച്ച, ഇന്നും നേരായ വഴികളിലൂടെ പോകാൻ ഭയപെടുന്നവർക്കായി ഞാൻ പറയട്ടെ: പഴിചാരുന്നതിനു മുമ്പ് നമുക്കായി തുറന്നിട്ട വാതിലുകളിലേക്ക് എത്താൻ ശരിയായ ശ്രമങ്ങൾ നടത്തണം.
ഭരണകൂടവും എല്ലാ ഉദ്ദോഗസ്ഥരും എതിരാണെന്നുള്ള മുൻവിധി നമ്മൾ മാറ്റിവെക്കണം ! “ഇത് സംരംഭകരുടെ കാലമാണ് ഇവർ നമുക്കൊപ്പമുണ്ട്” -എന്നാണ് അൻസിയ പറയുന്നത്.
“ഒരു ദിവസം പോലുമെടുക്കാതെ അൻസിയയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. സന്തോഷത്തോടെ തന്നെ ആ യുവസംരംഭക നാട്ടിലേക്ക് മടങ്ങി. ‘സർക്കാർ കൂടെയുണ്ട്’ എന്ന ആത്മവിശ്വാസം ഒരു സംരംഭകയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് അഭിമാനകരമായ ഒരു നേട്ടമായിട്ടാണ് ഞങ്ങൾ കാണുന്നത്. കൂടുതൽ സംരംഭകർക്ക് ഇത് പ്രചോദനമാകുമെന്നും ഞങ്ങൾക്കുറപ്പുണ്ട് ” -ഇതേക്കുറിച്ച് മന്ത്രി പി. രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.