ന്യൂഡൽഹി > ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമപരാതിയിൽ എടുത്ത കേസിൽ ബിജെപി എം പിയും ഗുസ്തി ഫെഡറേഷൻ (ഡബ്ലിയുഎഫ്‌ഐ) മുൻ അധ്യക്ഷനുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിന് ഡൽഹി കോടതി സ്ഥിരജാമ്യം അനുവദിച്ചു. റോസ് അവന്യൂ കോടതിയാണ് ജാമ്യം നൽകിയത്. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത്‌സിങ്ങ് ജസ്‌പാൽ ബ്രിജ്‌ഭൂഷണിനും കൂട്ടുപ്രതി വിനോദ്‌തോമറിനും ജാമ്യം അനുവദിച്ചു.
കോടതിയെ മുൻകൂട്ടി അറിയിക്കാതെ രാജ്യംവിടരുത്, പ്രത്യക്ഷമായോ പരോക്ഷമായോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ചൊവ്വാഴ്‌ച്ച ബ്രിജ്‌ഭൂഷണിനും വിനോദ്‌തോമറിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് കൂടാതെ തന്നെ കേസിലെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും പ്രതികൾ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.