ന്യൂഡല്‍ഹി> മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്കയുമായി സുപ്രീംകോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് വീഴ്‌ചയാണെന്നും പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കാലാവസ്ഥയാണോ അതോ കിഡ്‌നി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണോ മരണകാരണമെന്ന് കോടതി ആരാഞ്ഞു. അണുബാധയാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ചീറ്റകളെ കൂട്ടത്തോടെ പാർപ്പിക്കാതെ മറ്റൊരു ആവാസവ്യവസ്ഥയിലേക്ക് മാറ്റിക്കൂടെയെന്നും ചോദിച്ചു. ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
എന്നാല്‍, സ്വാഭാവിക പരിസ്ഥിതിയില്‍നിന്ന് മാറുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ 50 ശതമാനവും ചത്തേക്കുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നതായും കേന്ദ്രം കോടതിയെ അറിയിച്ചു. നാലു മാസത്തിനിടെ കുനോ ദേശീയോദ്യാനത്തില്‍ എട്ടു ചീറ്റകളാണ് ചത്തത്. ആഫ്രിക്കയില്‍ നിന്നെത്തിച്ച 20 ചീറ്റകളില്‍ ബാക്കിയുള്ളത് 15 എണ്ണം. ഇതോടെ പല ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ ഉയര്‍ന്നത്.