മംഗളൂരു: നഗരത്തിൽ കാർസ്റ്റ്രീറ്റിലും ഫൽനീറിലും വിറ്റ ലഹരി കലർന്ന 100 കിലോ ചോക്ലേറ്റുകൾ പിടികൂടിയതിൽ രണ്ട് പെട്ടിക്കട ഉടമകൾ അറസ്റ്റിൽ. കാർ സ്ട്രീറ്റിലെ പെട്ടിക്കട ഉടമ മംഗളൂരു വി.ടി റോഡിലെ മനോഹർ ഷെട്ടി (47), ഫൽനിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാർ (45) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇരുവരേയും വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു.ആനന്ദ ചൂർണ, പവ്വർ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്കലേറ്റുകളാണ് പിടികൂടിയത്. എല്ലാറ്റിന്റേയും ലേബലുകൾ ഹിന്ദിയിലാണ്. ഇവക്ക് 53,500 രൂപ വില കണക്കാക്കുന്നു.
പ്രാദേശിക തലത്തിലോ കുടിൽ വ്യവസായമായോ നിർമ്മിക്കുന്ന ഉല്പന്നം എന്ന പ്രതീതിയുളവാക്കുന്നതാണ് ലേബലുകൾ എന്ന് പൊലീസ് പറഞ്ഞു. ഉറവിടം യു.പിയാണെന്നും സൂചനയുണ്ട്.
അറസ്റ്റിലായ ബച്ചൻ സോങ്കാറിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇയാൾ മാഫിയ കണ്ണിയാണോ എന്ന് കണ്ടെത്തണം. സ്ഥിരമായി കാർ സ്ട്രീറ്റിലെയും ഫൻനീറിലേയും കടകളിൽ എത്താറുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇരു കടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടിരൂന്നത്. സ്കൂൾ, കോളജ് വിടുന്ന സമയങ്ങളിൽ കുട്ടികൾ വൻതോതിൽ എത്തി വാങ്ങുന്നത് ചോക്ലേറ്റുകളാണെന്ന് കണ്ടെത്തിയിരുന്നു.