കൊച്ചി : വിലാപ യാത്രയ്ക്കിടെ ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.
പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകന്‍റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെതിരെ വിനായകനും പരാതി നൽകിയിട്ടുണ്ട്. എന്തായാലും വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. എന്നാൽ, വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ചില സിനിമ സംഘടനകൾ ആലോചിക്കുന്നുണ്ട്.
അതേ സമയം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത് ചർച്ചയായി. പുരസ്കാര പ്രഖ്യാപനം നടത്തിയ സാംസ്കാരിക മന്ത്രിയോട് മാധ്യമ പ്രവർത്തകർ ഇക്കാര്യത്തിലെ നിലപാട് എന്താണെന്ന് ചോദിക്കുകയായിരുന്നു. വിനായകന്‍റെ പരാമർശത്തോട് യോജിപ്പില്ലെന്നും അതൊക്കെ മനുഷ്യത്വപരമായ കാര്യങ്ങളാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ മറുപടി. ഇത്തരം പരാമർശങ്ങളുടെയൊന്നും പുറകെ പോകേണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേഖലയിലടക്കം വിനായകന്‍റെ അധിക്ഷേപ പരാമർശത്തോട് വലിയ പ്രതിഷേധം ഉയർന്നതോടെയാണ് 53 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും വിഷയം ചോദ്യമായത്.