ബോക്സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ മുന്‍പ് സ്ഥിരമായി വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് ആയിരുന്നു. എന്നാല്‍ ബാഹുബലിയോടെ സ്ഥിതി മാറി. കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായം എന്ന ഖ്യാതി തെലുങ്ക് സിനിമയ്ക്ക് ലഭിച്ചു. ഇപ്പോള്‍ തമിഴ്, കന്നഡ സിനിമകളും അപൂര്‍വ്വമായി മലയാളം സിനിമകളും ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ ഇവ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് ഭാഷാ സിനിമകള്‍ കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ വരാറില്ല. ഇപ്പോഴിതാ ഒരു പഞ്ചാബി ചിത്രം അത്തരത്തില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്.
സ്മീപ് കാംഗ് സംവിധാനം ചെയ്ത കാരി ഓണ്‍ ജട്ട 3 എന്ന ചിത്രമാണ് പഞ്ചാബി സിനിമയില്‍ അത്ഭുതം കാട്ടുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂണ്‍ 29 നാണ് തിയറ്ററുകളില്‍ എത്തിയത്. മൂന്നാഴ്ച പിന്നിടുമ്പോള്‍ കളക്ഷനില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. പഞ്ചാബി സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യ 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത്. ചിത്രത്തിന്‍റെ ബജറ്റ് 10 കോടി ആണെന്ന് കൂടി അറിയുമ്പോഴാണ് ഈ നേട്ടത്തിന്‍റെ വലിപ്പം മനസിലാവുക.
2012 ല്‍ പുറത്തിറങ്ങിയ ക്യാരി ഓണ്‍ ജട്ട 2 ന്‍റെ സീക്വല്‍ ആണ് ഈ ചിത്രം. ജിപ്പി ഗ്രൂവല്‍ നായകനാവുന്ന ചിത്രത്തില്‍ സോനം ബജ്‍വയാണ് നായിക. ബിന്നു ധില്ലന്‍, കവിത കൌശിക്, ജാസ്വീന്തര്‍ ഭല്ല, ഗുര്‍പ്രീത് ഘുഗ്ഗി, ബി എന്‍ ശര്‍മ്മ, കരംജിത് ആന്‍മോള്‍, നാസിര്‍ ഛിന്യോഗി, ഹെര്‍ബി ഷംഘ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.