മാവേലിക്കര: ചിക്കൻ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ശ്രദ്ധ തിരിച്ച് പണം കവരുന്ന പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തിൽ റിനു റോയി (30) ആണ് പൊലീസ് പിടിയിലാത്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിലുള്ള കോഴിക്കടയിൽ നിന്നും മോഷണം നടത്തി പോകുമ്പോഴാണ് കുറത്തികാട് പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. വിവിധ പ്രദേശങ്ങളിലെ കടകളിൽ സമാന രീതിയിലുള്ള മോഷണം നടന്നതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി, എം കെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം പൊലീസ് നിരീക്ഷണം നടത്തി വരികെയാണ് ഇയാൾ പിടിയിലാകുന്നത്. ജില്ലയിലെ പല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂരിൽ നിന്നും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.