ഇന്ത്യയിലെ പല ആഘോഷങ്ങളിലും മിക്കവാറും പങ്കെടുക്കുന്നത് പുരുഷൻമാർ മാത്രമായിരിക്കും. ഇന്ത്യയിൽ എന്നല്ല. ചിലപ്പോൾ ലോകത്തിലാകെയും അത് അങ്ങനെ തന്നെ ആണ്. ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ പോലും ചിലപ്പോൾ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. എന്നാൽ, നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഒരു ആഘോഷമുണ്ട്. അവിടെ പുരുഷന്മാർക്ക് പ്രവേശനം തന്നെ അനുവദിക്കുന്നില്ല.
അരുണാചൽ പ്രദേശിലെ ലോംഗ്ഡിംഗിലുള്ള വാഞ്ചോ ട്രൈബിന്റേതാണ് ഈ ആഘോഷം. അതുപോലെ നോക്റ്റെ ഗോത്രവും ഈ ആഘോഷം സംഘടിപ്പിക്കാറുണ്ട്. താഹ് തവൻ എന്ന് അറിയപ്പെടുന്ന ഈ ഉത്സവം എല്ലാ വർഷവും ഏപ്രിലിലാണ് നടക്കുന്നത്. താഹ് എന്ന വാക്കിന്റെ അർത്ഥം നെല്ല് എന്നാണ്. താ എന്നാൽ ആത്മാവ് എന്നും വൻ എന്നാൽ വരുന്നു എന്നുമാണ് അർത്ഥമാക്കുന്നത്.
നേരത്തെ, ഗ്രാമത്തിൽ നിന്നുമുള്ള സ്ത്രീകൾ, വിവിധ ആചാരങ്ങൾ നടത്തിയ ശേഷം, അവരുടെ വയലിൽ നിന്ന് ഒരു തൈ തിരികെ കൊണ്ടുവരും. പിന്നീട് അത് തങ്ങളുടെ വീട്ടിൽ കെട്ടിയിടും. അത് ഫലഭൂയിഷ്ഠതയും ഐശ്വര്യവും കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മൃഗങ്ങളുമായും മറ്റും മാത്രം ചേർന്നു നിന്നിരുന്ന ഈ ആഘോഷം ഇന്ന് മുഴുവൻ സ്ത്രീകളും പങ്ക് ചേരുന്ന ഉത്സവമായി മാറിക്കഴിഞ്ഞു. ഒപ്പം സസ്യങ്ങളും മൃഗങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഫലഭൂയിഷ്ഠമായ വർഷത്തെയും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവം നടക്കുന്ന ദിവസം സ്ത്രീകളും പെൺകുട്ടികളും പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു കൊണ്ട് തങ്ങളുടെ വയലിലേക്ക് പോകുന്നു. പിന്നീട്, തങ്ങൾ സാധാരണയായി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, പന്നി, മീൻ ഇവയെല്ലാം ഉണ്ടാക്കുന്നു. ഫാമിൽ നിന്നുള്ള എലികളെയും അവർ പാകം ചെയ്യും എന്നാണ് പറയുന്നത്. ഒറ്റപ്പുരുഷനും അങ്ങോട്ട് കടക്കാനോ ആ ഉത്സവത്തിൽ പങ്ക് ചേരാനോ, ഭക്ഷണത്തിൽ സ്പർശിക്കാനോ അനുവാദമില്ല.
ശേഷം സ്ത്രീകളെല്ലാം ചേർന്ന് ഈ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം ആ വർഷത്തിനുള്ളിൽ പ്രായപൂർത്തിയായ പെൺകുട്ടികൾക്കായി പ്രാർത്ഥനയും മറ്റ് ചടങ്ങുകളും നടത്തുന്നു. പിന്നീട്, ആ പെൺകുട്ടികളുടെ അരയിൽ വെള്ളത്തുണി ഉടുപ്പിക്കുന്നു. അവർ വിവാഹത്തിന് യോഗ്യരാണ് എന്നാണ് അത് വെളിവാക്കുന്നത്. നേരത്തെ പ്രാർത്ഥനകളിൽ കരുത്തരായ ആൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും ഉണ്ടായിരുന്നു. എന്നാൽ, ഇന്നത് കയ്യിൽ പേനയും പേപ്പറും പിടിച്ചുകൊണ്ടുള്ള പ്രാർത്ഥനയായി മാറിയിട്ടുണ്ട്. കൃത്യമായ വിദ്യാഭ്യാസമാണ് അതിലൂടെ അർത്ഥമാക്കുന്നത്. കൃഷിക്ക് വളരെ അധികം പ്രാധാന്യമുള്ള ഇവിടെ ഈ ഉത്സവവും ആഘോഷവും എല്ലാം കൃഷിയുമായി ബന്ധപ്പെടുത്തിക്കൂടിയാണ് നടക്കുന്നത്. ഉത്സവദിവസം സ്ത്രീകളെല്ലാം ഒത്തുചേരുകയും പാട്ടുപാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്യുന്നു. അന്ന് അവിടമെങ്ങും സ്ത്രീകളെ മാത്രമാണ് കാണാൻ സാധിക്കുന്നത്.