പടിഞ്ഞാറൻ ജപ്പാനിൽ ട്രെയിനിനുള്ളിൽ കത്തി ആക്രമണം. മുപ്പത്തിയേഴുകാരൻ നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന പൗരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ആക്രമണത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒസാക്ക മേഖലയിലെ റിങ്കു ടൗൺ സ്‌റ്റേഷനിൽ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ട്രെയിൻ കണ്ടക്ടർക്കും രണ്ട് പുരുഷ യാത്രക്കാർക്കും പരിക്കേറ്റു. 20 വയസുള്ള രണ്ട് യുവാക്കൾക്കും 70 കാരനുമാണ് കുത്തേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റിങ്കു ടൗൺ സ്റ്റേഷനിൽ വെച്ച് 37 കാരനായ പ്രതിയെ പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് മൂന്ന് കത്തികൾ കണ്ടെടുത്തിട്ടുണ്ട്. വധശ്രമത്തിന് അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേത്തു.