കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസായിരുന്നു. പ്രമേഹരോഗവും വൃക്കരോഗവും മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭൗമിക് ശനിയാഴ്ച പുലർച്ചെ 3.30 ഓടെ മരിച്ചു. 1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു.
ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ ടീമുകളുടെ സ്ട്രൈക്കറായിരുന്ന ഭൗമിക് നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യക്കായി ബുട്ടണിഞ്ഞു. 1971ലെ മെദേർക്ക കപ്പിൽ ഫിലിപ്പൈൻസിനെതിരെ ഹാട്രിക് നേടി താരമായി. ഇന്ത്യൻ ജഴ്‌സിയിൽ 69 കളികളിൽ നിന്ന് 50 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്.
1979ല്‍ ബൂട്ടഴിച്ച ശേഷം പരിശീലകനെന്ന നിലയിലും തിളങ്ങി. കോച്ചിങ് രംഗത്തും തിളങ്ങിയ ബൗളമിക് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻ സ്പോർടിങ്, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2003ൽ ഈസ്റ്റ്ബംഗാൾ ആസിയാൻ കപ്പിൽ ജേതാക്കളായത് ഭൗമിക്കിന്റെ പരിശീലക കരിയറിലെ പൊൻതൂവലായിരുന്നു.