കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ . ‘ സജീവ രാഷ്ട്രീയത്തിലേക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം. അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.
ആദ്യമായിട്ടാണ് ഒരു മാധ്യമത്തിന് മുന്നിലെത്തി അച്ചു ഉമ്മന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ”അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നസമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻചാണ്ടി. എന്നാൽ അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാൻ പറ്റിയത്. പാതിരാക്കും വെളുപ്പിനും കൈക്കുഞ്ഞുങ്ങളുമായും രോഗികളായവരും വാർദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നില്‍ക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്.” അച്ചു ഉമ്മന്‍
പറഞ്ഞു.
പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യത്തിനും വ്യക്തത വരുത്തിയിരിക്കുകയാണ് അച്ചു ഉമ്മന്‍. ‘ഇതിനൊരു മറുപടി ഇത്രവേഗം നല്‍കേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല. അദ്ദേഹം കടന്നു പോയിട്ട് ഒരാഴ്ച പോലും ആയില്ല. പക്ഷേ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കാതെ ഇരിക്കുന്നതിന് വേണ്ടി ക്ലാരിറ്റി ആവശ്യമാണെന്ന് തോന്നി. ഞാനിത്രയും നാള്‍ ജീവിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തണലിലാണ്. ഇനിയങ്ങോട്ട് അദ്ദേഹത്തിന്‍റെ മകളായി മാത്രം ജീവിക്കാനാണ് ആഗ്രഹം. എനിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ യാതൊരു ഉദ്ദേശവുമില്ല. എനിക്കങ്ങനെ ഒരു ആഗ്രഹവുമില്ല. ഞാന്‍ വിദേശത്ത് താമസിക്കുന്ന വ്യക്തിയാണ്. കുടുംബവുമായി അവിടെ സെറ്റില്‍ഡ് ആണ്. ഞാന്‍ സ്വപ്നത്തില്‍ പോലും ആലോചിക്കാത്ത കാര്യമാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. ഞാന്‍ അതിനില്ല എന്ന് പറയുകയാണ്, അതിനൊരു ക്ലാരിറ്റി നല്‍കുകയാണ്. കെപിസിസി പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ് പറഞ്ഞത്. പൊതുവെ ഇതൊക്കെ പാര്‍ട്ടി തീരുമാനിക്കുന്ന ഒരു കീഴ്വഴക്കമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. വീട്ടില്‍ അപ്പ കഴിഞ്ഞാലുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ആണ്.’ അച്ചു വിശദീകരിച്ചു.
അതേ സമയം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളിയിൽ ആസന്നമായിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കുകയാണ് മുന്നണികൾ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിനിൽക്കുന്നത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇക്കാര്യം സൂചിപ്പിച്ചുകഴിഞ്ഞു. അതിനിടിയിലാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കി മുസ്ലീം ലീഗ് രംഗത്തെത്തിയത്. സുധാകരന്‍റെ അഭിപ്രായത്തെ പിന്തുണക്കുയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.