ന്യൂഡൽഹി: തടസമുണ്ടാക്കലും ബഹളമുണ്ടാക്കലും രാഷ്ട്രീയ തന്ത്രമല്ലെന്നും അത് ജനാധിപത്യത്തെ നശിപ്പിക്കുമെന്നും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ. ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നടന്ന ബിരുദദാന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
പൊതുനന്മ ഉദ്ദേശിച്ചുകൊണ്ടുള്ള സംവാദങ്ങളും ചർച്ചകളുമാണ് ജനാധിപത്യം. തടസമുണ്ടാക്കലും ബഹളമുണ്ടാക്കലും രാഷ്ട്രീയ തന്ത്രമായി കാണുന്നതിൽ തനിക്ക് ആശങ്കയും വേദനയുമുണ്ട്. ശക്തമായ നിയമവ്യവസ്ഥകളാണ് നമുക്കുള്ളത്. നിയമങ്ങളെ വെല്ലുവിളിക്കുന്ന തെരുവ് പ്രകടനങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്രയല്ല. യുവാക്കൾ സ്വയം ശാക്തീകരിക്കണം. സമൂഹത്തിന് ഗുണമാകുന്ന തരത്തിൽ ആരോഗ്യകരമായ അന്തരീക്ഷത്തിലൂടെ വ്യക്തിത്വ വികസനത്തിനായിരിക്കണം അവർ മുന്നിട്ടിറങ്ങേണ്ടതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയവും ഉപരാഷ്ട്രപതി പരാമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം വളരെ മികച്ചതാണ്. കഴിവിനനുസരിച്ചുള്ള കോഴ്സുകൾ, തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങിയവ നിലവിലെ വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരും. ഇത് പുതിയ സംരംഭങ്ങൾ തുടങ്ങാനും ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ യു.എസ്, ഫ്രാൻസ് സന്ദർശനത്തിന്റെ ഫലമായി ഇന്ത്യയുമായി പങ്കാളിത്തം വഹിക്കാൻ പല രാജ്യങ്ങളും താല്പര്യപെടുന്നുവെന്നും ജഗ്‌ദീപ് ധൻഖർ പറഞ്ഞു.