നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ധാരാളം പേര്‍ പരാതിപ്പെടുന്നൊരു ആരോഗ്യപ്രശ്നമാണ് ദഹനക്കുറവ്. ഗ്യാസ്ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്‍റെ ഭാഗമായി ഉണ്ടാകാം.
മിക്കവരും പക്ഷേ വളരെ നിസാരമായിട്ടാണ് ഇത്തരം പ്രശ്നങ്ങളെയെല്ലാം കണക്കാക്കാറ്. എന്നാലോ ഇവയെല്ലാം ഇവരുടെ നിത്യജീവിതത്തിലെ പല കാര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നുമുണ്ടാകാം.
എന്തായാലും ഗ്യാസും അനുബന്ധപ്രശ്നങ്ങളുമെല്ലാം ഇങ്ങനെ ദീര്‍ഘകാലം നീണ്ടുനിന്നാല്‍ ഉണ്ടാകുന്ന ഒരു സങ്കീര്‍ണതയെ കുറിച്ച് പങ്കുവയ്ക്കാം. തീര്‍ച്ചയായും കുടലിനെയും വയറിന്‍റെ ആരോഗ്യത്തെയും അതുവഴി മാനസികാരോഗ്യത്തെയുമെല്ലാം ദഹനപ്രശ്നങ്ങള്‍ കാലക്രമേണ ബാധിക്കും. ഇതൊന്നുമല്ലാതെ കാലക്രമേണ ഇത് ബാധിക്കപ്പെടുന്ന ഒരവയവത്തെ കുറിച്ചാണ് പറയുന്നത്.
ഗ്യാസും അസിഡിറ്റിയും നെഞ്ചെരിച്ചിലും എല്ലാം അന്നനാളത്തെ ബാധിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതോടെ വീണ്ടും ബുദ്ധിമുട്ടുകള്‍ കൂടി വരും. എരിച്ചില്‍, ഛര്‍ദ്ദി, വേദന എന്നിങ്ങനെ ഭക്ഷണം തന്നെ കഴിക്കാൻ പ്രയാസമാകുന്ന അവസ്ഥ. അന്നനാളത്തിന്‍റെ അകത്തെ ഭിത്തി നശിച്ചുപോകുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.
ആദ്യമെല്ലാം കുറച്ച് നിമിഷനേരത്തേക്കേ ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകൂ എങ്കില്‍ പിന്നീട് ഇത് സങ്കീര്‍ണമായി വരാം. ശബ്ദത്തില്‍ വ്യത്യാസം, എപ്പോഴും ചുമ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും കൂടെയുണ്ടാകാം. ഈ ലക്ഷണങ്ങളും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.
ഇതിനൊപ്പം പുകവലിയോ മദ്യപാനമോ പോലുള്ള ദുശ്ശീലങ്ങള്‍ കൂടിയുണ്ടെങ്കില്‍ അവസ്ഥ കുറെക്കൂടി മോശമാവുകയേ ഉള്ളൂ. ഭക്ഷണത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തി, ജീവിതരീതികള്‍ മെച്ചപ്പെടുത്തി ഈ പ്രശ്നങ്ങളെയെല്ലാം കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് വേണ്ടത്. ഇതിന് ഗ്യാസ്- അനുബന്ധപ്രശ്നങ്ങള്‍ എന്നിവ നമ്മെ ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കണം. ഇത്തരത്തിലുള്ള സംശയങ്ങള്‍ വച്ചുകൊണ്ടിരിക്കാതെ ഡോക്ടറെ കണ്ട് പെട്ടെന്ന് വേണ്ട നിര്‍ദേശങ്ങള്‍ തേടുകയോ ചികിത്സയെടുക്കുകയോ വേണം.