കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് മൂന്നുതവണ അനധികൃതമായി പരിശോധിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് കേസ് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ വിചാരണനടപടി നീളുന്നതിൽ പ്രോസിക്യൂഷനും പങ്കുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് അനധികൃത പരിശോധനയെ തുടർന്നാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ജസ്‌റ്റിസ് കെ ബാബുവാണ് പരിഗണിക്കുന്നത്. ഹർജി 31ന് പരിഗണിക്കാൻ മാറ്റി.