തിരുവനന്തപുരം: ലൈറ്റ് വച്ചുള്ള മീൻ പിടിത്തത്തെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കയ്യാംകളിയില്‍. വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പൂവാർ സ്വദേശികളായ പ്രവീൺ, സിൽവയ്യൻ, സന്തോഷ് എന്നിവരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റക്കാരെ പിടികൂടണമെന്നും മീൻ പിടിത്തത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം മത്സ്യത്തൊഴിലാളികൾ കൂട്ടമായി പ്രതിഷേധമായി വിഴിഞ്ഞം സ്റ്റേഷനിൽ എത്തി. ഇവരെ സ്റ്റേഷൻ ഗെയിറ്റിൽ പൊലീസ് തടഞ്ഞതും വാക്കേറ്റത്തിൽ കലാശിച്ചു.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മീൻ പിടിത്തത്തിന് പോകാനായി വള്ളത്തിൽ വച്ചിരുന്ന പവ്വർ ബാറ്ററികള്‍ വിഴിഞ്ഞം സ്വദേശികളായ ഒരു സംഘം എടുത്ത് മാറ്റിയത് മറ്റ് തീരങ്ങളിൽ നിന്നുള്ളവർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഉച്ച മുതൽ വള്ളമിറക്കിയ പലരും ലൈറ്റും ബാറ്ററികളും കൊണ്ടുപോയിരുന്നെങ്കിലും ആരും ചോദ്യം ചെയ്തിരുന്നില്ലെന്നാണ് പരാതി. ഇവരെ പിന്തുടർന്ന് വൈകുന്നേരം ഇറങ്ങിയവരെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. വാക്കേറ്റവും കയ്യാംകളിയും തുഴ കൊണ്ടുള്ള അടിയും രൂക്ഷമായതിന് പിന്നാലെ പിക്കറ്റ് പോസ്റ്റുകളിൽ നിന്ന പൊലീസുകാരും തീരദേശ പൊലീസും ഇടപെട്ടത് വൻ സംഘർഷം ഒഴിവാക്കുകയായിരുന്നു. ഇതിനെ പിന്നാലെ കടലിൽ ഇറങ്ങാൻ മടിച്ച മറ്റ് തീരങ്ങളിൽ ഉള്ളവർ പരാതിയുമായി വിഴിഞ്ഞം സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്റ്റേഷന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച മത്സ്യ ത്തൊഴിലാളികളെ പൊലീസ് സ്റ്റേഷന്റെ ഗേറ്റിൽ തടഞ്ഞത് നേരീയ സംഘർഷത്തിന് കാരണമായി. തുടർന്ന് സി.ഐ പ്രജീഷ് ശശി, എസ്.ഐ.വിനോദ് എന്നിവർ ഇടപെട്ട രംഗം ശാന്തമാക്കുകയായിരുന്നു.
രാത്രിയിൽ കടലിൽ വച്ച് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ദൂരെ നിന്നെത്തിയ പലരും വള്ളമിറക്കൽ ഉപേക്ഷിച്ച് മടങ്ങി. മത്സ്യബന്ധന സീസൺ പ്രമാണിച്ച് പൂവാർ , പുല്ലുവിള, അടിമ ലത്തുറ, പുന്തുറഉൾ പ്പെടെ ജില്ലയിലെഎല്ലാ തീരങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വള്ളമിറക്കുന്നത് വിഴിഞ്ഞം തുറമുഖത്ത് നിന്നാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ വളർച്ചക്കും മത്സ്യ സമ്പത്തിന്റെ വർദ്ധനവും കണക്കിലെടുത്ത് ലൈറ്റ് ഫിഷിംഗിന് സർക്കാർ നിരോധനമേർ പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് വക വയ്ക്കാതെ ഒരു വിഭാഗം ലൈറ്റ് ഉപയോഗിച്ചുള്ള മീൻ പിടിത്തം തുടരുന്നതായാണ് അധികൃതർ പറയുന്നത്. സംഘർഷ മൊഴിവാക്കാൻ തുറമുഖത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു. പട്രോളിംഗ് ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.