കൗസംബി∙ മത്സ്യമാണെന്നു കരുതി യമുനയിൽ നിന്ന് ഡോൾഫിനെ പിടിച്ച് പാകംചെയ്തു ഭക്ഷിച്ച നാലു മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ പൊലീസ് മത്സ്യത്തൊഴിലാളികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചെയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനായ രവിന്ദ്ര കുമാറാണ് പരാതി നൽകിയത്. ജൂലൈ 22ന് രാവിലെ നസീർപുർ ഗ്രാമത്തിൽ യമുന നദിയിൽനിന്ന് ഒരു ഡോൾഫിൻ വലയിൽ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പിപ്രി സ്റ്റേഷൻ ഓഫിസറായ ശ്രാവൺ കുമാർ സിങ് പറഞ്ഞു. ഡോൾഫിനെ പിടികൂടിയ ഇവർ വീട്ടിൽ കൊണ്ടു പോയി പാകം ചെയ്ത് കഴിച്ചു. മത്സ്യത്തൊഴിലാളികൾ ഡോൾഫിനെ പിടിച്ചു കൊണ്ടുപോകുന്നത് പ്രദേശവാസികൾ ചിത്രീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്‍ജീത്ത് കുമാർ, സഞ്ജയ്, ദേവൻ, ബാബ എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ പിടിയിലായ രൺജീത് കുമാറിനെ ചോദ്യം ചെയ്തു വരികയാണെന്നും മറ്റുപ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.