കേഴിക്കോട് : മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം. ശക്തമായ നടപടികളുണ്ടാകുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനും കണ്ണിൽ പൊടിയിടാനും മാത്രം ഉദ്ദേശിച്ചാണെന്ന് മുട്ടിൽ മരം മുറിയുടെ പിന്നാമ്പുറങ്ങൾ പരിശോധിച്ചാൽ പകൽ പോലെ വ്യക്തമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പറയുന്നു.പട്ടയം ലഭിച്ച ശേഷം ഭൂമിയിൽ സ്വയം കിളിർത്തു വന്ന വീട്ടി മരങ്ങളാണ് മുറിച്ചതെന്ന വാദം തെറ്റാണെന്നാണ് ഡി.എൻ.എ ടെസ്റ്റിലൂടെ തെളിഞ്ഞിക്കുന്നത്. ആദിവാസികൾ അടക്കമുള്ള കർഷകരെ വഞ്ചിച്ചും വ്യാജരേഖകളുണ്ടാക്കിയുമാണ് പാസിന്നുള്ള അപേക്ഷ സമർപ്പിച്ചതെന്നുമുള്ള ഫോറൻസിക്ക് തെളിവുകൾ ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. എന്നിട്ടും പ്രതികൾക്കെതിരായ ചാർജ്ജ് ഷീറ്റ് സമർപ്പിക്കുകയോ ശക്തമായ വകുപ്പുകൾ ചുമത്തുകയോ ചെയ്യാതെ സർക്കാർ തയാറായിട്ടില്ല.
മുട്ടിൽ മരം മുറിക്കൊപ്പം കേരളത്തിലുടനീളം അനേക കോടിയുടെ വീട്ടി, തേക്ക് മരങ്ങൾ മുറിച്ചു കടത്തിയ വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം രണ്ടു വർഷം കഴിഞ്ഞിട്ടും കേസന്വേഷണം പൂർത്തിയാക്കിയിട്ടില്ല. മുട്ടിൽ വില്ലേജിലെ മരങ്ങളുടെ ഡി.എൻ.എ ടെസ്റ്റ് റിപ്പോർട്ട് മാത്രമാണ് പുറത്തുന്നത്. മറ്റു പ്രദേശത്ത് മരങ്ങൾ കസ്റ്റഡിയിൽ എടുക്കുക പോലും ചെയ്തിട്ടില്ല. പ്രത്യേക അന്വേഷണ സംഘമാകട്ടെ മരം മുറിക്ക് കാരണമായ 2020 ഒക്ടോബർ മാസത്തിലെ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച നിയമ വിരുദ്ധവും എങ്ങിനെയും വ്യാഖ്യാനിക്കാൻ പറ്റുന്നവിധം അതിവിചിത്രവുമായ സർക്കാർ സർക്കുലറിന്റെ പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വഷിച്ചിട്ടില്ല.
ചരിത്രത്തിലെ വലിയ മരകൊള്ളയുടെ പിന്നിലെ ഭരണനേതൃത്വത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷമം നടന്നില്ല. ഇപ്പോൾ നടക്കുന്ന പൊലീസ് അന്വഷണത്തിൽ വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഏകോപനം നടന്നിട്ടില്ല. ഫോറസ്റ്റ് കേസുകൾ തെളിഞ്ഞാൽ തന്നെ നാമമാത്രമായ പിഴയും ആറുമാസത്തിൽ താഴെയുള്ള തടവും മാത്രമാണ് ശിക്ഷ. പൊതു മുതൽ നശിപ്പിച്ചതിനും ആദിവാസി അതിക്രമം തടയൽ നിയമമനുസരിച്ചുമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തപ്പെട്ടിട്ടില്ല.
റവന്യൂവകുപ്പാണ് കള്ളകളി നടത്തുന്നത്. പ്രതികൾക്കു മേൽ കെ.എൽ.പി ആക്ട് ചുമത്തിയാൽ കണക്കാക്കപ്പെട്ട 10 കോടിയുടെ നഷ്ടത്തിന്റെ നാല് മടങ്ങ് പിഴ നൽകേണ്ടിവരും. അന്നത്തെ വയനാട് കലക്റ്ററും വൈത്തിരി തഹസിൽദാറും ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയത്. താഴെ തട്ടിലുള്ള ഉദ്യേഗസ്ഥരെ ബലിയാടാക്കുകയാണ് റവന്യൂ വകുപ്പ് ചെയ്തത്. അന്നത്തെ ജില്ലാ സർക്കാർ പ്ലീഡർ മരം മുറി നിയമവിരുദ്ധമാണെന്ന് കലക്ടർക്ക് നിയമോപദശം നൽകിയിട്ടും മരം മുറിക്ക് അനുമതി നൽകി.
വീട്ടിമരങ്ങൾ റോജി അഗസ്റ്റിൻ വിലക്കുവാങ്ങിയതാന്നെന്ന് വനം വകുപ്പ് കോടതിയിൽ സമ്മതിച്ചിരുന്നു. ഒരു വർഷമായിട്ടും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടില്ല. മരം മുറിക്ക് പശ്ചാത്തലമൊരുക്കിയ റവന്യൂ സെക്രട്ടറിയുടെ വിചിത്രമായ സർക്കുലറിന്റെ പിന്നിലുള്ള ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തി അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും പ്രകൃതി സംരക്ഷണ സമിതി അധ്യക്ഷൻ തോമസ് അമ്പലവയലും പ്രസിഡന്റ് എൻ.ബാദുഷ പ്രസ്താവനയിൽ അറിയിച്ചു.