ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കുളു ജില്ലയിൽ രണ്ടിടങ്ങളിൽ മേഘവിസ്ഫോടനം. പുലർച്ചെ 4 മണിയോടെ ഗഡ്‌സ താഴ്‌വരയിലെ പഞ്ച നുല്ലയിൽ ഉണ്ടായ മേഘസ്‌ഫോടനത്തിൽ അഞ്ച് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.
മേഘവിസ്ഫോടനം പ്രദേശത്തെ രണ്ട് പട്വാർ സർക്കിളുകളിൽ നാശം വിതച്ചതായി കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. കൂടാതെ ഭുന്തർ-ഗഡ്‌സ-മണിയാർ റോഡും പലയിടത്തും തകർന്നു. രണ്ട് പാലങ്ങൾ ഒലിച്ചുപോയപ്പോൾ നിരവധി കൃഷിഭൂമികൾ നശിച്ചതായി അദ്ദേഹം പറഞ്ഞു. നഷ്ടം വിലയിരുത്താൻ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ചിട്ടുണ്ട്.
പർബതി താഴ്‌വരയിലെ ബ്രഹ്മ ഗംഗ നുല്ലയിൽ ഉണ്ടായ മറ്റൊരു മേഘസ്‌ഫോടനത്തിൽ ഒരു വീടും നാല് കുടിലുകളും ഒലിച്ചുപോയി. പാർബതിയിലെ ജലനിരപ്പ് പൊടുന്നനെ ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാൽ, ആളപായമോ കന്നുകാലി നാശനഷ്ടമോ ഇതുവരെ ഉണ്ടായിട്ടില്ല. ചാമ്പാ ജില്ലയിലെ ചുറ സബ്ഡിവിഷനിൽ പേമാരി വ്യാപക നാശനഷ്ടമാണ് വിതച്ചത്. മഴയെത്തുടർന്ന് ഉൾറോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.