മുട്ടില്‍ മരംമുറി കേസിൽ കേരള ലാന്‍ഡ് കണ്‍സര്‍വെന്‍സി ആക്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പ്. കേസുകളില്‍ നോട്ടീസ് നല്‍കി വിചാരണ പൂര്‍ത്തിയാക്കി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പിഴ ചുമുത്തി ഉത്തരവിറക്കുമെന്ന് കളക്ടർ അറിയിച്ചു. നടപടിയില്‍ റവന്യൂ വകുപ്പിന് അനാസ്ഥയോ കാലതാമസമോ ഉണ്ടായിട്ടില്ല. മരം മുറിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൂര്‍ണമായും പരിശോധന നടത്തി. വൈത്തിരി താലൂക്കില്‍ 61 കേസുകളും ബത്തേരി താലൂക്കില്‍ 14 കേസുകളും കണ്ടെത്തി. 186 മരങ്ങള്‍ കുപ്പാടി വനംവകുപ്പ് ഡിപ്പോയിലെത്തിച്ചു. അനധികൃത മരം മുറിയില്‍ 75 കേസുകളില്‍ കെഎല്‍സി ചട്ടമനുസരിച്ച് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി.
42 കേസുകളില്‍ 38 കേസുകളുടെ മരവില നിര്‍ണയിച്ച സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കഴിഞ്ഞ ജനുവരി 31നാണ്. ഓരോ കേസിലും മരവില പ്രത്യേകം നിര്‍ണയിച്ചുനല്‍കാന്‍ റവന്യൂ വകുപ്പ് വനംവകുപ്പിന് നിര്‍ദേശം നല്‍കി.എല്ലാ കേസിലും കെഎല്‍സി നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്‌ചയ്‌ക്കകം ഉത്തരവ് നല്‍കും.കെഎല്‍സി ചട്ടപ്രകാരം മരവിലയുടെ മൂന്നിരട്ടി പിഴ ചുമത്താനാകും. റവന്യൂ മന്ത്രിയും ലാന്‍ഡ് റെവന്യൂ കമ്മീഷണറും റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.