ദില്ലി: കാർഗിൽ വിജയ് ദിവസത്തിൻ്റ ഭാഗമായി ധീര സൈനികരെ സ്മരിച്ച് രാജ്യം. സൈനികരുടെ ഓർമ്മ പുതുക്കാൻ ദേശീയ യുദ്ധ സ്മാരകത്തിലും കാർഗിൽ ദ്രാസിലെ യുദ്ധ സ്മാരകത്തിലും ചടങ്ങുകൾ നടന്നു. ദ്രാസിൽ നടക്കുന്ന പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായി. ധീര സൈനികരുടെ സ്മാരകത്തിൽ പ്രതിരോധമന്ത്രി പുഷ്പചക്രം അർപ്പിച്ചു. വേണ്ടി വന്നാൽ നിയന്ത്രണരേഖ മറിക്കടക്കുമെന്ന് പ്രതിരോധ മന്ത്രി പാകിസ്ഥാന് മുന്നിറിയിപ്പ് നല്‍കി. പാകിസ്ഥാനെ തോൽപ്പിച്ച് കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 24 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്.1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനീകരെയാണ് രാജ്യത്തിന് നഷ്ടമായത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച ആ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ പതാക പാറി. രക്തസാക്ഷികളുടെ സ്മരണക്കായി ദില്ലിയിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും.