മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ?. നിരവധി കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. തുടർച്ചയായ ആരോഗ്യപ്രശ്നങ്ങൾ, വിറ്റാമിനുകളുടെ കുറവ്, അമിതമായ വിറ്റാമിൻ എ അളവ് ശരീരത്തിലെത്തുക, സമ്മർദ്ദം എന്നിവ ഉൾപ്പെടെ മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്.മുടികൊഴിച്ചിൽ കുറയ്ക്കാൻ വിവിധ എണ്ണകൾ ഉപയോഗിച്ച് കാണും. മുടികൊഴിച്ചിലും താരനും അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. പ്രോട്ടീനുകൾ, ധാതുക്കൾ, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. ഈ പോഷകങ്ങൾ, പ്രത്യേകിച്ച് ബയോട്ടിൻ മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഈ പോഷകങ്ങൾ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടിയുടെ അളവ് കൂട്ടാനും കട്ടിയാക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ പുതിയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ മുടിയുടെ വളർച്ചയുടെ തോത് വർദ്ധിപ്പിക്കാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.മുടിയിൽ മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ ഉപയോഗിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനൊപ്പം മുടി പൊട്ടുന്നതും പിളരുന്നതും തടയാനും സഹായിക്കും.
മുടികൊഴിച്ചിൽ തടയാൻ മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കാം…
ഒന്ന്…
മുട്ട, തേൻ, ഒലിവ് ഓയിൽ, പാൽ എന്നിവ യോജിപ്പിച്ച ശേഷം മാറ്റിവയ്ക്കുക. ശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഇതിലെ പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് തലയോട്ടി വൃത്തിയാക്കുകയും മുടി ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
രണ്ട്…
രണ്ട് ടീസ്പൂൺ ബദാം ഓയിൽ പേസ്റ്റ്, 4 ടേബിൾസ്പൂൺ മുട്ടയുടെ വെള്ള, ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ കലർത്തി നന്നായി മിക്സ് ചെയ്ത് ഹെയർ മാസ്ക് തയ്യാറാക്കുക. മുടിയിലും തലയോട്ടിയിലും ഈ മാസ്ക് പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകുക. ബദാമിൽ വിറ്റാമിൻ ബി -7 അല്ലെങ്കിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ബദാം ഓയിൽ മുടിയുടെയും നഖങ്ങളുടെയും ആരോഗ്യവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു.