പാറശ്ശാല: പൊലീസിന് മാനക്കേടായി സിനിമ – സീരിയൽ മേക്കപ് മാന്‍റെ ജീപ്പ് മോഷണം. ചൊവ്വാഴ്ച രാത്രി 11ഓടെ പരശുവക്കലിന് സമീപത്താണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ജീപ്പുമായി മുങ്ങിയ മേക്കപ് മാനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഉദിയന്‍കുളങ്ങര കരീമാംവിള വീട്ടില്‍ ഗോകുലാണ് (25) പിടിയിലായത്.പാറശ്ശാല സ്‌റ്റേഷന്‍ പരിധിയിൽ നൈറ്റ് പെട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പാണ് മോഷണം പോയത്. പരശുവയ്ക്കല്‍ കുണ്ടുവിള ഭാഗത്ത് ഒരുകൂട്ടം യുവാക്കള്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നതുകണ്ട് പൊലീസ് വാഹനം നിര്‍ത്തി. പൊലീസുകാര്‍ ഇറങ്ങിയതോടെ നാലംഗ സംഘം ഓടി രക്ഷപ്പെട്ടു. ജീപ്പിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ അവരെ പിന്തുടര്‍ന്നു. പിന്നാലെ ഡ്രൈവറും പ്രതികളെ തേടി പോയി.
സമീപത്ത് മറഞ്ഞുനിന്ന യുവാക്കളിലൊരാൾ ജീപ്പോടിച്ച് പോവുകയായിരുന്നു. പൊലീസുകാര്‍ ജീപ്പിന് പിന്നാലെ ഓടിയെങ്കിലും നിർത്താതെപോയി. പുലിവാല് പിടിച്ച പൊലീസ് സംഘം അതുവഴി കടന്നുവന്ന ബൈക്കുകാരനെ കൂട്ടി ജീപ്പിന് പിന്നാലെ പാഞ്ഞു. ഇതിനിടെ ആലംമ്പാറയിലെത്തിയ യുവാവ് സ്വകാര്യ വ്യക്തിയുടെ മതിലിൽ ജീപ്പ് ഇടിച്ചുനിർത്തി.
വന്‍ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുക്കാര്‍ യുവാവിനെ പിടികൂടുകയായിരുന്നു. ബൈക്കിലും ഓട്ടോറിക്ഷയിലുമായി സംഭവസ്ഥലത്തെത്തിയ പൊലീസുകാര്‍ പ്രതിയെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ജീപ്പിന് കാര്യമായ കേടുപാടുണ്ട്.
ജീപ്പിന്റെ താക്കോല്‍ എടുക്കാതെ ഡ്രൈവറും യുവാക്കളെ തെരഞ്ഞ് പോയതാണ് നാടകീയ രംഗങ്ങൾക്കും പൊലീസിന് മാനക്കേടുണ്ടാകാനും കാരണമെന്ന് നാട്ടുകാർ പറയുന്നു.