തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മൺസൂൺ പാത്തി നിലവിൽ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2 – 3 ദിവസത്തിനുള്ളിൽ പതിയെ വടക്കോട്ട് മാറാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മിതമായ തോതിലുള്ള മഴയ്ക്കുള്ള സാധ്യത മാത്രമേയുള്ളൂ. അതി ശക്തമായ മഴക്കുള്ള സാധ്യത കുറഞ്ഞു.
കാലവർഷം പതിയെ ദുർബലമാകാനാണ് സാധ്യത. കാലവർഷ പാത്തി അടുത്ത 2-3 ദിവസത്തിനുള്ളിൽ പതിയെ ഹിമാലയൻ താഴ്വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവർഷം ദുർബലമാകാനാണ് സാധ്യത. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ സജീവമാകും. വിവിധ കാലാവസ്ഥ ഏജൻസികളുടെ സൂചന പ്രകാരം ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ പൊതുവെ കാലവർഷം ദുർബലമാകാനുള്ള സൂചനയും നൽകുന്നു. പാസഫിക്ക് സമുദ്രത്തിൽ എൽനിനോ ശക്തി പ്രാപിച്ചു വരുന്നതും ഇന്ത്യൻ മഹാ സമുദ്രത്തിൽ പ്രതീക്ഷിച്ച + IOD പ്രതിഭാസം ന്യൂട്രൽ സ്ഥിയിൽ തുടരുന്നതും കാലവർഷത്തെ ദുർബലമാക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു