കോഴിക്കോട്∙ സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി.ജയരാജന്റെ പ്രസ്താവനയോടു രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. വയസുകാലത്ത് ഉള്ള പരാധീനതകളുമൊക്കെയായി വീടിനകത്ത് ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്ന് ശോഭ മുന്നറിയിപ്പു നൽകി. പന്ന്യന്നൂർ ചന്ദ്രൻ, അശ്വനി, കെ.ടി.ജയകൃഷ്ണൻ തുടങ്ങി ഒരുപാടു പേരെ നിങ്ങൾ മോർച്ചറിയിൽ കിടത്തിയിട്ടുണ്ട്. ഈ പറയുന്നതിനുള്ള ആവതൊന്നും തൽക്കാലം ജയരാജനില്ല. ശാരീരികമായി വയ്യാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കഞ്ഞികുടിക്കാൻ വകയില്ലാത്ത ഒരു വീട്ടിൽ ജനിച്ച് ഒരു കുഗ്രാമത്തിൽനിന്ന് വളരെ ബുദ്ധിമുട്ടി ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ, ഒരു ഊരുവിലക്കിനെയും താൻ ഭയക്കുന്നില്ലെന്ന് ശോഭ തുറന്നടിച്ചു.
‘‘വളരെയേറെ മാഫിയ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും മാർക്സിസ്റ്റ് പാർട്ടിയുടെ ആയുധമായി പ്രവർത്തിച്ച ഒരാളാണ് ജയരാജൻ. വയസുകാലത്ത് ഉള്ള പരാധീനതകളുമൊക്കെയായി വീടിനകത്ത് ഇരിക്കുന്നതാണ് അങ്ങേയ്ക്കു നല്ലത് എന്നാണ് ജയരാജനോടു പറയാനുള്ളത്. കാരണം, കാലം കുറേ മുന്നോട്ടു പോയി മിസ്റ്റർ ജയരാജൻ. നിങ്ങളേപ്പോലെയുള്ള ഗുണ്ടാ മാഫിയ നേതാക്കൻമാരുടെ വാക്കുകൾ കേട്ട് പിണറായി വിജയന്റെ മുന്നിൽ തലകുനിച്ച് നിൽക്കുന്നവരാണ് കേരളത്തിലെ യുവമോർച്ചക്കാരും ബിജെപിക്കാരും എന്നുള്ള ധാരണയൊന്നും അങ്ങേയ്ക്ക് വേണ്ട. അല്ലെങ്കിൽത്തന്നെ ഒരുപാട് അസ്വസ്ഥതകളുമായാണ് ജീവിക്കുന്നത്.’
‘‘മോർച്ചറിയിൽ ഒരുപാടു പേരെ നിങ്ങൾ കിടത്തിയിട്ടുണ്ട്. പന്ന്യന്നൂർ ചന്ദ്രനെ നിങ്ങൾ മോർച്ചറിക്ക് അകത്താക്കി. അശ്വനിയെ നിങ്ങൾ മോർച്ചറിക്ക് അകത്താക്കി. എന്റെ സഹപ്രവർത്തകൻ കെ.ടി.ജയകൃഷ്ണനെ നിങ്ങൾ മോർച്ചറിക്ക് അകത്താക്കി. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി മോർച്ചറിയിലാക്കിയ നിങ്ങൾ രമ എന്ന പാവപ്പെട്ട സ്ത്രീയെ കേരളത്തിൽ കണ്ണീരണിയിച്ചു. ഒരുപാടു ബലിദാനികളെ കണ്ട നാടാണ് കേരളം. ഇതിനുള്ള ആവതൊന്നും ജയരാജന് തൽക്കാലമില്ല. ജയരാജൻ ഏതെങ്കിലും തരത്തിൽ പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് ഈ ഡയലോഗ് കൊണ്ടു നിങ്ങൾക്ക് നടക്കും. അല്ലാതെ മൈതാനത്തുനിന്ന് പോരാട്ടം നടത്താനുള്ള ചങ്കൂറ്റവും തന്റേടവുമൊന്നും അങ്ങേയ്ക്കില്ല. അതിന്റെ ആവശ്യവുമില്ല. ഇവിടെ യുവമോർച്ചയുടെ പ്രവർത്തകർ അവർക്കുവേണ്ടി പ്രവർത്തിക്കും. അവരുടെ പ്രസ്ഥാനത്തിനു വേണ്ടിയും പ്രവർത്തിക്കും.’
‘‘പിന്നെ, ലീഗിന്റെ കുത്തകപ്പാട്ടം എങ്ങനെയാണ് ജയരാജൻ ഏറ്റെടുക്കുന്നത്? എന്താണ് ജയരാജന്റെ പ്രസ്താവനയുടെ അർഥം? ഇവിടെ സമാധാനത്തോടും ശാന്തിയോടും കൂടി പ്രവർത്തിച്ചു മുന്നോട്ടു പോകണം എന്നുള്ളതിന്റെ തെളിവാണല്ലോ അന്വേഷണ ഏജൻസി വന്നത്. കേരളം പഴയ കേരളമല്ല. ഏറെ ദൂരം കേരളം മുന്നോട്ടുപോയി. ഇന്ത്യ നമ്മുടെയെല്ലാം അമ്മയാണ്. ജയരാജന്റെ പാർട്ടിക്കാർക്ക് ഒരു നിയമം, എന്റെ പാർട്ടിക്കാർക്ക് മറ്റൊരു നിയമം അതൊന്നുമില്ല. ഒരു അക്രമത്തിനും പോകേണ്ട. അല്ലെങ്കിൽത്തന്നെ താങ്കൾക്ക് ശാരീരികമായി വയ്യ. ഇക്കാര്യത്തിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്.’’ – ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ടും ശോഭ സുരേന്ദ്രൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ‘‘എന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, കഞ്ഞികുടിക്കാൻ വകയില്ലാത്ത ഒരു വീട്ടിൽ ജനിച്ച്, വളരെ ബുദ്ധിമുട്ടി തെക്കുംകര എന്ന ചെറിയ പഞ്ചായത്തിലെ മണലിത്തറ എന്നു പറയുന്ന കുഗ്രാമത്തിൽ ഭക്ഷണത്തിനു ഗതിയില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ തുടങ്ങിയിട്ട് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, ഒരു ഊരുവിലക്കിനെയും ഭയപ്പെടുന്ന രാഷ്ട്രീയ നേതാവല്ല ഞാൻ എന്നു മാത്രമാണ് എനിക്ക് ഇതേക്കുറിച്ച് പറയാനുള്ളത്.’
‘‘ഇന്നലെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന ഞാനും കണ്ടു. ശോഭാ സുരേന്ദ്രനെതിരെ താൻ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി എനിക്കെതിരെ പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, സംസ്ഥാന അധ്യക്ഷന് ഫ്ലൈറ്റ് ടിക്കറ്റെടുത്ത് പൈസയും കളഞ്ഞ് അതിനായി പോകേണ്ട കാര്യമുണ്ടോ? ഒരു മെയിൽ അയച്ചാൽ പോരേ? ഇവിടെനിന്ന് മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ പോരേ? കഴിഞ്ഞ അഞ്ചെട്ടു വർഷമായി ദേശീയ നേതൃത്വം നൽകുന്ന ചുമതലകൾ കൃത്യമായി നിർവഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാധാരണക്കാരിയാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ ഭയപ്പെടുത്തുന്നില്ല. എന്നെ വേദനിപ്പിക്കുന്നുമില്ല. ഒരു തീരുമാനമെടുത്ത് കളത്തിലിറങ്ങിയാൽ പിൻമാറുന്ന സ്വഭാവവും എനിക്കില്ല.’
‘‘ഈ പാർട്ടിയുടെ പ്രവർത്തനം സുതാര്യമായിരിക്കണം എന്നു പഠിപ്പിച്ച നരേന്ദ്ര മോദിയുടെയും അഖിലേന്ത്യാ നേതാക്കളുടെയുമെല്ലാം ആശീർവാദത്തോടെ തന്നെയാണ് കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടു പോകേണ്ടത്. അത് അങ്ങനെത്തന്നെയായിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട’ – ശോഭ പറഞ്ഞു.