പാലക്കാട്∙ പറളി പഞ്ചായത്തിൽ സിപിഐയിലെ കെ.രേണുക ദേവിയെ അധ്യക്ഷയായും സിപിഎമ്മിലെ ബിന്ദു രാധാകൃഷ്ണനെ ഉപാധ്യക്ഷയായും തിരഞ്ഞെടുത്തു. പഞ്ചായത്തു കോൺഫറൻസ് ഹാളിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒൻപത് വീതം വോട്ടുകൾ നേടിയാണ് ഇരുവരും വിജയിച്ചത്.പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച എതിർ സ്ഥാനാർഥി ബിജെപിയിലെ നാരായണൻ കുട്ടിക്കും ഉപാധ്യക്ഷയായി മത്സരിച്ച കെ.ബിന്ദുവിനും എട്ടു വോട്ടു വീതം ലഭിച്ചു. കോൺഗ്രസിലെ മൂന്നു അംഗങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. പഞ്ചായത്ത് ഭരണസമിതിയിൽ എട്ട് അംഗങ്ങളുള്ള എൽഡിഎഫ്, സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഭരണത്തിലെത്തിയത്.എൽഡിഎഫ് ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വർഷം സിപിഎമ്മിനും തുടർന്നുള്ള രണ്ടര വർഷം സിപിഐക്കുമാണ്. കരാറനുസരിച്ച് അധ്യക്ഷൻ സിപിഎമ്മിലെ കെ.ടി. സുരേഷ് കുമാറും ഉപാധ്യക്ഷ സിപിഐയിലെ കെ.രേണുകാദേവി സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇരുപത് അംഗ ഭരണസമിതിയിൽ എൽഡിഎഫ് 8 (സിപിഎം 7, സിപിഐ ഒന്ന്), ബിജെപി 8, കോൺഗ്രസ് 3, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.