തിരുവനന്തപുരം∙ ബാർ ലൈസൻസ് ഫീസും സീമെൻ മറൈൻ ഓഫിസേഴ്സ് ക്ലബ്ബിനുമുള്ള ലൈസൻസ് ഫീസുകളാണ് മദ്യനയത്തിലൂടെ വർധിപ്പിച്ചത്. മറ്റുള്ള സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കുമുള്ള ഫീസ് പഴയപടി തുടരും.സീമെൻ മറൈൻ ഓഫിസേഴ്സ് ക്ലബ്ബ് ഒരെണ്ണമാണ് കേരളത്തിലുള്ളത്. 721 ബാറുകളുണ്ട്. ബാർ ലൈസന്‍സ് ഫീസ് 30,00,000ൽനിന്ന് 35,00,000 രൂപയായാണ് വർധിപ്പിച്ചത്. 36 കോടിയോളം രൂപ ബാറുകളിൽനിന്ന് ഫീസിനത്തിൽ ഒരു വർഷം അധികമായി ലഭിക്കും. സീമെൻ, മറൈൻ ഓഫിസേഴ്സ് എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് 50,000ൽനിന്ന് 2,00,000 രൂപയായി വർധിപ്പിച്ചു.ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളുടെ വാർഷിക ഫീസ് നിലവിൽ 4 ലക്ഷംരൂപയാണ്. അതിൽ വർധനയില്ല. ക്ലബ്ബ് ലൈസൻസ് 20 ലക്ഷംരൂപയെന്നത് തുടരും. എയർപോർട്ടിലെ ട്രാൻസിറ്റ് ലോഞ്ചിലുള്ള മദ്യശാലകൾക്ക് 2 ലക്ഷം രൂപയെന്ന ഫീസിൽ മാറ്റമില്ല. മിലിട്ടറി കന്റീനുകൾക്കും പാരമിലിട്ടറി കന്റീനുകൾക്കും പ്രതിവർഷം 1000 രൂപ ഫീസെന്നത് തുടരും.വെയർഹൗസുകളുടെ ഫീസ് 1 ലക്ഷം രൂപയെന്നത് വർധിപ്പിച്ചില്ല. ബിയർ–വൈൻ പാർലറുകൾക്ക് 4 ലക്ഷംരൂപയാണ് നിലവിലെ ഫീസ്. അതിൽ വർധനവ് വരുത്തിയില്ല. കൺസ്യൂമർഫെഡിന്റെ ബിയർ ഔട്ട്ലറ്റുകൾക്കുള്ള 3 ലക്ഷം രൂപ ഫീസിലും വർധനയില്ല.