ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിലെ സർവേ തടയണമെന്ന ഹരജിയിൽ ആഗസ്റ്റ് മൂന്നിന് അലഹബാദ് ഹൈകോടതി വിധി പറയും. അതുവരെ സർവേക്കുള്ള സ്റ്റേ തുടരുമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 21നാണ് വാരാണസി കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.ഇതിനെതിരെ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചത്. ക്ഷേത്രമാണെന്നതിന് തങ്ങളുടെ പക്കൽ തെളിവില്ലെന്ന് പറഞ്ഞ ഹിന്ദു യുവതികൾ തങ്ങളുടെ അവകാശ വാദത്തിന് കോടതി മുഖേന തെളിവുണ്ടാക്കാനാണ് സർവേക്ക് ഹരജി സമർപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഫ്.എസ്.എ നഖ്‍വി കോടതിയെ ബോധിപ്പിച്ചിരുന്നു.
പുരാവസ്തു വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലം പഠിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെയാണ് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
ബുധനാഴ്ച ഹൈകോടതിയിൽ നേരിട്ട് ഹാജരായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അഡീഷനൽ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുരാവസ്തു വകുപ്പ് നടത്തുന്ന സർവേകൊണ്ട് ഗ്യാൻവാപി മസ്ജിദിന്‍റെ കെട്ടിടത്തിന് ഒരു തകരാറുമുണ്ടാക്കില്ലെന്ന് ബോധിപ്പിച്ചിരുന്നു. സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അഡീഷനൽ ഡയറ ക്ടർതന്നെയാണ് കോടതിയിൽ വായിച്ചത്.ജി.പി.ആർ (ഗ്രൗണ്ട് പെനിറ്റ്റേറ്റിങ് റഡാർ) രീതി ഉപയോഗിച്ച് നടത്തുന്ന സർവേകൊണ്ട് പള്ളിയുടെ കെട്ടിടത്തിന് ഒരു തകരാറും സംഭവിക്കില്ലെന്ന് കേന്ദ്ര സർക്കാറിന്‍റെ അഡീഷനൽ സോളിസിറ്റർ ബോധിപ്പിച്ചുവെങ്കിലും പള്ളി പരിസരത്ത് പുരാവസ്തു വകുപ്പ് നടത്താനിരിക്കുന്ന സർവേ പ്രവൃത്തിയിൽ സംശയമുണ്ടെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ എ.എസ്.ഐ ഉദ്യേഗസ്ഥനോട് നേരിട്ട് കോടതിയിൽ വിളിച്ച് വരുത്തിയത്.