ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരെ ട്വിറ്ററിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ ബി.ജെ.പി പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ശകുന്തള നടരാജ് എന്ന ബി.ജെ.പി പ്രവർത്തകയെയാണ് ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.കോൺഗ്രസിന്റെ ട്വീറ്റിനെ വിമർശിക്കുന്ന ട്വീറ്റിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബാഗങ്ങളെയും ശകുന്തള നടരാജ് വലിച്ചിഴച്ചത്. ഉഡുപ്പി കോളജിലെ ശുചിമുറിയിൽ തമാശയ്ക്ക് വേണ്ടിയെന്ന പേരിൽ വിദ്യാർഥിനികൾ മറ്റൊരു വിദ്യാർത്ഥിയുടെ വിഡിയോ റെക്കോർഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ട്വീറ്റുകൾ.ഉഡുപ്പി കോളജിലെ കുട്ടികളുടെ നടപടിയെ എ.ബി.വി.പി രാഷ്ട്രീയ മുതലെടുപ്പിനായി മസാല ചേർത്ത് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് തുംകുരു സ്വദേശിനിയായ ശകുന്തള നടരാജ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ പരാമർശിച്ചത്. കോൺഗ്രസ് പ്രവർത്തകനായ ഹനുമന്തരായയുടെ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പൊലീസ് കേസെടുത്തത്.അന്വേഷണത്തിനായി ശകുന്തളയെ പൊലീസ് കസ്റ്റഡിയിലെടുത്തു.