തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി. ബസിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് തീ പടർന്ന് പിടിച്ചത്.
ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഒർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവർ വാഹനം നിർത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ഡ്രൈവർ യാത്രക്കാരെ എല്ലാം പുറത്തിറക്കി. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെ ബസിന് തീ പിടിക്കുകയും വാഹനം പൂർണമായും കത്തി നശിക്കുകയുമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. നാട്ടുകാരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കിൽ വലിയ അപകടം സംഭവിച്ചേനെ എന്ന് ഡ്രൈവർ പറഞ്ഞു.
ബസിന്‍റെ സീറ്റുകളുള്‍പ്പടെ ഉള്‍പ്പടെ ഉള്‍വശം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പഴയ മോഡൽ ബസാണ് കത്തി നശിച്ചത്. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി പൂർണ്ണമായും തീ അണച്ച ശേഷം ബസ് റോഡിൽ നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതേസമയം തീപിടിത്തത്തിൽ യാത്രക്കാർക്ക് അപകടം സംഭവിച്ചിട്ടില്ലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകളുയർന്നിട്ടുണ്ട്.
കാലപ്പഴക്കം വന്ന ബസുകള്‍ നിരത്തിലിറങ്ങിയാൽ അപകടം സംഭവിക്കുമെന്ന ഭയത്തിലാണ് യാത്രക്കാർ. ബസി തീപിടിക്കാനുണ്ടായ കാരണം എന്താണ്, എവിടെ നിന്നാണ് തീ പിടിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെഎസ്ആർടിസി അധികൃതരും പൊലീസും സംഭവ സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.